darsanam
വൈക്കം മഹാദേവക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ അഷ്ടമിദർശനത്തിനായി നട തുറന്നപ്പോൾ

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ഭക്തർക്ക് സായുജ്യമായി. പുലർച്ചെ 4.30ന് ദർശനത്തിനായി നടതുറന്നപ്പോൾ പഞ്ചാക്ഷരി മന്ത്രത്താൽ ക്ഷേത്രസങ്കേതം മുഖരിതമായി. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്.

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ആൽമര ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കിയെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് വിഭവങ്ങൾ വിളമ്പിയതോടെ അന്നദാനപ്രഭുവിന്റെ സന്നിധിയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമായി. രാത്രിയിലെ അഷ്ടമി വിളക്കും ഭക്തിസാന്ദ്രമായി.