മൂവാറ്റുപുഴ: വയോജനങ്ങളോടുള്ള അവമതിപ്പും പീഡനങ്ങളും തടയുന്നതിന് സംസ്ഥാനത്ത് വയോജനകമ്മീഷൻ തുടങ്ങുന്നതിന് ആലോചിക്കുന്നതായി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നിലവിലുള്ള മെയിന്റനൻസ് ട്രിബ്യൂണലുകൾ കൂടാതെയാണിത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്ത് നിർമ്മിച്ച സായന്തനം വയോജന പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസിജോളി, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വാഴക്കുളത്തിന് സമീപം 50ലക്ഷംരൂപ മുടക്കി നിർമ്മാണം തുടങ്ങിയ സായന്തനം വയോജന പാർക്കിൽ പ്രഭാത സവാരിക്കും വൈകിട്ട് വയോജനങ്ങൾക്ക് ഒത്തുചേരാനും മാനസികോല്ലാസത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.