
അങ്കമാലി: അങ്കമാലിയിൽ നാലിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ രണ്ട് ശബരിമല തീർത്ഥാടർക്ക് അടക്കം 10 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ അങ്കമാലി മോർണിംഗ് സ്റ്റാർ ഹോംസയൻസ് കോളേജിന് സമീപം സ്‌കൂട്ടറിൽ ജീപ്പിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരനായ മഞ്ഞപ്ര ആനപ്പാറ സ്വദേശി ഗോപാലകൃഷ്ണൻ (63), ജീപ്പിൽ സഞ്ചരിച്ചിരുന്ന തൃശൂർ പള്ളം സ്വദേശികളായ അബുസലീം (56), ഹബീബ് അബുസലിം (22) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 7.40 നായിരുന്നു അപകടം. രണ്ട് വാഹനങ്ങളും ആലുവ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. മൂന്നുപേരെയും കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കോതകുളങ്ങരയിൽ വൈകിട്ട് 3.45ന് ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂരിൽ നിന്ന് കാറിലെത്തിയ ശബരിമല തീർത്ഥാടകർക്ക് അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ പന്നൻവീട്ടിൽ ഷാജിത് (46), കുനിമ്മൽവീട്ടിൽ കിരൺ (18)എന്നിവർക്കും വാൻ ഡ്രൈവർ പെരുമ്പാവൂർ വല്ലം സ്വദേശി മാളിയംവീട്ടിൽ ജിഷാദിനുമാണ് പരിക്കേറ്റത്. കോതകുളങ്ങരയിൽ എത്തിയപ്പോൾ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി വലത്തോട്ട് വെട്ടിച്ചതിനിടെ നിയന്ത്രണം വിട്ട് മീഡിയൻ മറികടന്ന് എതിർദിശയിൽവന്ന വാനിൽ കാർ ചെന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചു. ജിഷാദ് വാൻ ഡ്രൈവറാണ്.
ഉച്ചയ്ക്കുശേഷം 2.20ന് സെന്റ് ജോസഫ് സ്‌കൂളിന്റെ മുന്നിലുണ്ടായ അപകടത്തിൽ മിനിലോറി ഡ്രൈവർ കാഞ്ഞിരപ്പിള്ളി കാരയിൽവീട്ടിൽ ഷെരീഫിന് (36) പരിക്കേറ്റു. അങ്കമാലി-മഞ്ഞപ്ര റോഡിൽ കിടങ്ങൂർ കപ്പേള കവലയ്ക്ക് സമീപം കാറും ടോറസ് ലോറിയുമിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയ്ക്ക് 2.15നായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മതിലിടിച്ചാണ് നിന്നത്. കാറിന്റെ മുൻവശം തകർന്നു. ടോറസ് ലോറി റോഡിന് സമീപത്തുള്ള പറമ്പിലേയ്ക്ക് മറിഞ്ഞു.