വൈപ്പിൻ: വൈപ്പിൻ ഉപജില്ല സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. 19, 21, 22, 23 തീയതികളിൽ 173 മത്സര ഇനങ്ങളിലായി 1700 കുട്ടികൾ മാറ്റുരയ്ക്കും. ഏഴു വേദികളിലായാണ് മത്സരങ്ങൾ. ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ ഇന്ന് വൈകിട്ട് നാലിന് ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരഘോഷയാത്രയും 300 കുട്ടികൾ ലോഗോ പ്രകാശനവും പന്തലിന്റെ കാൽനാട്ടും നടത്തി.
ഭക്ഷണമടക്കം വിദ്യാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയതായി എം.എൽ.എ അറിയിച്ചു.
സമാപന സമ്മേളനം ചെറായി എസ്.എം. എച്ച്. എസിൽ 23ന് വൈകിട്ട് നാലിന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിക്കും.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എ.ഇ.ഒ ഇബ്രഹിംകുട്ടി രായരോത്ത്, ചെറായി എസ്. എം. സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, ജനറൽ കൺവീനർ എ.ജി. ജെയ്‌സി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിനു തോമസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ. എ. സുധീർ എന്നിവർ വിശദീകരിച്ചു.