തൃക്കാക്കര : ശബരിമല തീർത്ഥാടകർക്ക് ഇടത്താവളമൊരുക്കി ഇത്തവണയും അഖില കേരള അയ്യപ്പസേവാ സംഘം. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ ഓലിമുകൾ ജംഗ്ഷനിലാണ് ഭക്തർക്ക് സൗജന്യ ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കിയിരിക്കുന്നത്. പവലിയൻ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. സേവാ സംഘം പ്രസിഡന്റ് കെ.ആർ സുനിൽ അദ്ധ്യക്ഷത വഹിച്ചു.സംഭാവന കൂപ്പൺ വിതരണോദ്ഘാടനം തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പൻ നിർവ്വഹിച്ചു. നിർമ്മൽ ആനന്ദ്, ദിനേശ് ഗോപാൽ, മനേഷ് മോഹൻ,നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷൻ റാഷിദ് ഉള്ളം പള്ളി, കൗൺസിലർമാരായ വി.ഡി.സുരേഷ്, ഉണ്ണി കാക്കനാട് ,സി.സി വിജു തുടങ്ങിയവർ സംസാരിച്ചു.