
കൊച്ചി: പതിനേഴുകാരിയെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെത്തിച്ച് കൂട്ടമാനഭംഗംചെയ്ത കേസിൽ ഇതുവരെ അറസ്റ്റിലായത് 14 പേർ. എറണാകുളം സെൻട്രൽ, പാലാരിവട്ടം സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ എട്ടുപേരെ പിടികൂടിയതിന് പുറമെ വയനാട്, കൊല്ലം ജില്ലകളിൽ മൂന്നുപേരെ വീതം അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി തൃശൂരിലെ ഡൊണാൾഡ് വിൽസൻ, പെൺകുട്ടിയെ പീഡിപ്പിച്ച കൊല്ലം സ്വദേശി ആനന്ദ്, തിരുവനന്തപുരത്തെ ആത്തിഫ് എന്നിവരെ കൊല്ലം പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. വയനാട്ടിലെ ഹോം സ്റ്റേ നടത്തിപ്പുകാരനായ വിനോദ്, മാനേജർ നിഖിൽ, കോഴിക്കോട് സ്വദേശി ഇർഫാൻ എന്നിവരെ അമ്പലവയൽ പൊലീസ് പിടികൂടി. കേസിൽ ഇതുവരെ 14 കേസുകളും രജിസ്റ്റർ ചെയ്തു.
പാരിപ്പള്ളി എസ്.എച്ച്.ഒ അൽജബ്ബാറിന്റെ നേതൃത്വത്തിലാണ് ഡൊണാൾഡിനെ പിടികൂടിയത്. തുടർന്ന് ആനന്ദിനെയും ആത്തിഫിനെയും കസ്റ്റഡിയിലെടുത്തു. ആത്തിഫിന്റെ വാടകവീട്ടിൽ ഡൊണാൾഡ് വിൽസൻ കുട്ടിയെ എത്തിക്കുകയായിരുന്നു. തുടർന്നാണ് ആത്തിഫും ആനന്ദും പീഡിപ്പിച്ചത്. ഇവർക്ക് പുറമെ രണ്ടുപേരും കുട്ടിയെ മാനഭംഗം ചെയ്തു. ഇവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷിക്കുമ്പോൾ ജുവലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ഡൊണാൾഡ്. ഇയാളടക്കമുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.