ഗോവ രാജ്ഭവൻ: ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ 'ഗോവ സമ്പൂർണ യാത്ര' മണ്ഡലംതല സന്ദർശനം ഇന്ന് പൂർത്തിയാവും. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പ്രതിനിധീകരിക്കുന്ന സങ്കലി മണ്ഡലത്തിലാണ് അവസാന പര്യടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനമായ 2021 സെപ്തം.17ന് പ്രഖ്യാപിച്ച പദ്ധതി പ്രകാരം 403 ഗോവൻ ഗ്രാമങ്ങളാണ് സന്ദർശിച്ചത്. 1500ലധികം തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ആശയവിനിമയം നടത്തി. യാത്രയുടെ ഭാഗമായി 1005 ഡയാലിസിസ് /കാൻസർ രോഗികൾക്ക് 2.75 കോടി ധനസഹായമായി വിതരണം ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന ഭരണഘടനാ തലവൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വഴി ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. 15 മാസം നീണ്ട യാത്രയാണ് ഇന്ന് പൂർത്തിയാവുന്നത്. ഷെൽട്ടർ ഹോമുകൾ, വൃദ്ധസദനങ്ങൾ, എച്ച്‌.ഐ.വി ബാധിതർ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഗവർണർ സന്ദർശിച്ചു. 91 സ്ഥാപനങ്ങൾക്ക് ധനസഹായം നൽകി. 26ന് രാവിലെ 11ന് രാജ്ഭവനിലെ ന്യൂ ദർബാർ ഹാളിൽ നടക്കുന്ന സമാപന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.