കൊച്ചി: ഓപ്പറേഷൻ പഞ്ചി കിരൺ എന്ന പേരിൽ വിജിലൻസിനെ കൊണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ റെയ്ഡ് ചില രജിസ്‌ട്രേഷൻ വകുപ്പ് മേലുദ്യോഗസ്ഥരുടെ പൊറാട്ട് നാടകമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സൈക്രബ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി.
രജിസ്‌ട്രേഷൻ വകുപ്പിലെ സ്വകാര്യ വത്കരണത്തെ എതിർക്കുന്ന ആധാരം എഴുത്തുകാരെ തൊഴിൽ രഹിതരാക്കി ഉന്മൂലനം ചെയ്യുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ആധാരം എഴുത്ത് ലൈസൻസികളെ ഒരാളെ പോലും റെയ്ഡ് നടന്ന സ്ഥലത്തു നിന്നും പിടിച്ചിട്ടില്ലെന്നും ദേശിയ സമിതി അംഗം വി.എൻ.ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ് കുമാർ, ജില്ലാ ട്രഷറർ സുരേഷ് ഞാറക്കൽ, സംസ്ഥാന കമ്മിറ്റി അംഗം മേരിസിന്ധു, ജില്ല ഉപദേശക സമിതി ചെയർമാൻ എസ്.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.