k-sudhakaran

നവംബർ 14 ന് നെഹ്‌റു ജയന്തി പ്രമാണിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യവേ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നടത്തിയ ചില പരാമർശങ്ങൾ വിവാദ വിഷയമായി. വർഗീയ ഫാസിസത്തോടുവരെ സന്ധിചെയ്യാൻ തയ്യാറായ നേതാവാണ് ജവഹർലാൽ നെഹ്‌റുവെന്നും ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിസഭയിൽ എടുത്തത് അത്തരം വലിയ മനസിന്റെ ഉടമയായതു കൊണ്ടാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഭരണഘടന ഉണ്ടാക്കാൻ നെഹ്റു ഏൽപിച്ചത് കോൺഗ്രസുമായി ബന്ധമില്ലാത്ത അംബേദ്‌കറെയാണ്, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാണ് എ.കെ. ഗോപാലനെ പ്രതിപക്ഷനേതാവാക്കിയത്; ഒരുപാട് അറിയാനും പഠിക്കാനുമുണ്ട് നെഹ്‌റുവിന്റെ ജീവിതത്തിൽ നിന്നെന്നും സുധാകരൻ പറഞ്ഞു. അന്നേക്കന്ന് അതു വിവാദമായി.

നെഹ്‌റുവിനെ ചാരി തന്റെ വർഗീയമനസിനെയും ആർ.എസ്.എസ് പ്രണയത്തെയും സുധാകരൻ ന്യായീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണ് കെ.പി.സി.സി അദ്ധ്യക്ഷനെന്നും കൂട്ടിച്ചേർത്തു. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയിരുന്ന നേതാവായിരുന്നു നെഹ്‌റുവെന്നു പിണറായി ഒരു സ്വഭാവ സർട്ടിഫിക്കറ്റും നൽകി. ലീഗ് നേതാവ് ഡോ. എം.കെ. മുനീറും ഒട്ടും മോശമാക്കിയില്ല. സുധാകരന്റെ പരാമർശം ഉൾക്കൊള്ളാൻ മുസ്ളിം ലീഗിന് ആയിട്ടില്ലെന്നും അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു. സുധാകരൻ നെഹ്‌റുവിന്റെ ചരിത്രം മനസിലാക്കണമെന്നും ആർ.എസ്.എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും നൽകരുതായിരുന്നെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശനും കെ. മുരളീധരനും ഏറെക്കുറേ ഇതേ അഭിപ്രായം പങ്കുവച്ചു. തനിക്ക് നാക്കുപിഴ പറ്റിയതാണെന്നും നെഹ്‌റുവിന്റെ വിശാലമായ ചിന്താഗതി ഉദാഹരിക്കാൻ മാത്രമേ ഉദ്ദേശിച്ചുള്ളൂവെന്നും കെ. സുധാകരൻ പിന്നീടു വ്യക്തമാക്കി. അങ്ങനെ തത്കാലം ആ കൊടുങ്കാറ്റ് കെട്ടടങ്ങി.

വലിയ ജനാധിപത്യ വാദിയും തികഞ്ഞ മതനിരപേക്ഷ ചിന്താഗതിക്കാരനുമായിരുന്നു ജവഹർലാൽ നെഹ്‌റു എന്ന കാര്യത്തിൽ ആർക്കുമുണ്ടാകില്ല സംശയം. ആർ.എസ്.എസ് പ്രതിനിധീകരിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടിനെ ആദ്യം മുതേല എതിർത്തയാളാണ് അദ്ദേഹം. നെഹ്‌റു എ.ഐ.സി.സി പ്രസിഡന്റാകുന്നതിന് മുമ്പ് കോൺഗ്രസുകാർക്ക് ഹിന്ദുമഹാസഭയിലോ മുസ്ളിം ലീഗിലോ ശിരോമണി അകാലിദളിലോ പ്രവർത്തിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. അത്തരം ദ്വയാംഗത്വം അവസാനിപ്പിച്ചത് നെഹ്‌റുവാണ്. അദ്ദേഹം മതവിശ്വാസിയോ ദൈവവിശ്വാസി പോലുമോ ആയിരുന്നില്ല. സർവമത സമഭാവനയിലൂന്നിയ ഭാരതീയ പൈതൃകത്തെ ഇന്ത്യൻ ഭരണഘടനയോടു ഇണക്കി ചേർത്തതിലും നെഹ്‌റു പ്രധാന പങ്കുവഹിച്ചു. ഇന്ത്യയെ ഒരു ഹിന്ദു പാകിസ്ഥാനാക്കാൻ അദ്ദേഹം താത്പര്യപ്പെട്ടില്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അനുഷ്ഠാനങ്ങൾ പാലിക്കാനും മതം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഓരോ പൗരനും വാഗ്‌ദാനം ചെയ്തു. മത - ഭാഷാ ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനയിൽ പ്രത്യേകം വകുപ്പുകൾ എഴുതിച്ചേർത്തു. ഇതിലൊക്കെ ഒരു നെഹ്‌റുവിയൻ സ്പർശം നമുക്ക് കാണാൻ കഴിയും. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമടക്കമുള്ള പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ നെഹ്‌റു ബദ്ധശ്രദ്ധനായിരുന്നു. ഉയർന്ന ജനാധിപത്യബോധമുള്ള ആളായിരുന്നു അദ്ദേഹം. തികച്ചും പരിഷ്കൃതാശയൻ. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിനുള്ള പ്രസക്തിയെക്കുറിച്ചു തികച്ചും ബോധമുള്ളയാൾ കൂടിയായിരുന്നു നെഹ്‌റു. പാർലമെന്റിൽ മൃഗീയഭൂരിപക്ഷം ഉള്ളപ്പോഴും അദ്ദേഹം പ്രതിപക്ഷത്തെ അവഗണിച്ചില്ല. പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു.

1947 ആഗസ്റ്റ് 15 ന് അധികാരമേറ്റ നെഹ്‌റു മന്ത്രിസഭയിൽ കോൺഗ്രസുകാർ മാത്രമല്ല മറ്റുള്ളവരുമുണ്ടായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ, മൗലനാ അബുൽ കലാം ആസാദ്, ഡോ. രാജേന്ദ്രപ്രസാദ്, ഡോ. ജോൺ മത്തായി, ബാബു ജഗ്‌ജീവൻ റാം, സർദാർ ബൽദേവ് സിംഗ്, സി.എച്ച്. ഭാഭ, രാജ്‌കുമാരി അമൃത് കൗർ, റഫി അഹമ്മദ് കിദ്വയ്, ഡോ. ബി.ആർ. അംബേദ്‌കർ, ഡോ. ശ്യാമപ്രസാദ് മുഖർജി, ആർ.കെ. ഷൺമുഖം ചെട്ടി, എൻ.വി. ഗാഡ്‌ഗിൽ എന്നിവരായിരുന്നു മന്ത്രിമാർ. അവരിൽ ജോൺ മത്തായി ക്രൈസ്തവരെയും ബൽദേവ് സിംഗ് സിക്കുകാരെയും സി.എച്ച്. ഭാഭ പാഴ്‌സികളെയും പ്രതിനിധീകരിച്ചു. ഡോ. അംബേദ്‌കർ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെയും ഡോ. മുഖർജി ഹിന്ദുമഹാ സഭയുടെയും പ്രതിനിധികളായിരുന്നു. ദ്രാവിഡ കഴകത്തിന്റെ മുൻഗാമിയെന്നു പറയാവുന്ന ജസ്റ്റിസ് പാർട്ടിക്കാരനായിരുന്നു കൊച്ചിയിലെ മുൻ ദിവാൻ കൂടിയായ ഷൺമുഖം ചെട്ടി. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് നെഹ്‌റുവിന്റെയും കോൺഗ്രസിന്റെയും വിമർശകരായിരുന്നു അംബേദ്‌കറും മുഖർജിയും. അംബേദ്‌കർ ഒരുകാലത്തും കോൺഗ്രസുകാരനായിരുന്നില്ല. അദ്ദേഹം നിസഹകരണ സമരത്തിലോ, ഉപ്പുസത്യാഗ്രഹത്തിലോ ക്വിറ്റ് ഇന്ത്യാ സമരത്തിലോ പങ്കെടുത്തിട്ടില്ല. താലൂക്ക് ഓഫീസോ പഞ്ചായത്ത് ഓഫീസോ പിക്കറ്റ് ചെയ്ത് അറസ്റ്റു വരിച്ചിട്ടുമില്ല. സവർണ മേധാവിത്വം കൊടി കുത്തിവാഴുന്ന കോൺഗ്രസ് അധികാരത്തിലെത്തുന്നപക്ഷം പട്ടിക സമുദായക്കാരുടെ കാര്യം കൂടുതൽ പരിതാപകരമാവുമെന്നായിരുന്നു അംബേദ്‌കറുടെ പക്ഷം. എങ്കിലും പണ്ഡിറ്റ് നെഹ്‌റുവിന്റെ കൂടെ നിയമമന്ത്രിയായിരിക്കാനോ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി പ്രവർത്തിക്കാനോ അദ്ദേഹത്തിന് യാതൊരു വൈഷമ്യവും നേരിട്ടില്ല. ഷൺമുഖം ചെട്ടി, ജോൺ മത്തായി, ബൽദേവ് സിംഗ് മുതലായവരുടെ കാര്യവും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

കൽക്കട്ട യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും ഹൈക്കോടതി ജഡ്‌ജിയുമായിരുന്ന സർ അശുതോഷ് മുഖർജിയുടെ മകനായിരുന്നു ശ്യാമപ്രസാദ് മുഖർജി. കോൺഗ്രസുകാരനായിട്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1929 ൽ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അധികം വൈകാതെ നിയമസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു. 1939 ൽ ഹിന്ദുമഹാസഭയിൽ ചേർന്നു. 1941 -42 കാലത്ത് ബംഗാളിൽ ധനകാര്യമന്ത്രിയായി. 1944 ൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. മുഖർജി ഇന്ത്യാ വിഭജനത്തെ അതിശക്തമായി എതിർത്തു. പാകിസ്ഥാൻ യാഥാർത്ഥ്യമാകുമെന്നു വന്നപ്പോൾ ബംഗാളിലെയും പഞ്ചാബിലെയും അമുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങൾ വേർപെടുത്തി ഇന്ത്യൻ യൂണിയനോടു ചേർക്കണമെന്ന് ആവശ്യപ്പെട്ടു. 1946 ൽ അദ്ദേഹം ഭരണഘടനാ അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1947 ആഗസ്റ്റ് 15 നു പണ്ഡിറ്റ് നെഹ്രു ദേശീയ സർക്കാർ രൂപീകരിച്ചപ്പോൾ ഹിന്ദുമഹാ സഭയുടെ പ്രതിനിധിയായി മുഖർജിയെ ഉൾപ്പെടുത്തി. വ്യവസായവകുപ്പാണ് നൽകിയത്. മന്ത്രിയായ ശേഷവും അദ്ദേഹം ഹിന്ദുമഹാ സഭയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല. 1948 ജനുവരി 30 നു മഹാത്മാഗാന്ധി വധിക്കപ്പെട്ടു. നാഥുറാം ഗോഡ്‌സെയടക്കം പ്രതികൾ എല്ലാവരും ഹിന്ദുമഹാ സഭയുടെ പ്രവർത്തകരായിരുന്നു. ഫെബ്രുവരി അഞ്ചാം തീയതി പാർട്ടിയുടെ പരമോന്നത നേതാവ് വി.ഡി സവർക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നിട്ടും മുഖർജി മന്ത്രിസഭയിൽ നിന്ന് രാജിവച്ചില്ല, നെഹ്‌റു അദ്ദേഹത്തെ പുറത്താക്കിയതുമില്ല. സവർക്കറെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ശ്യാമപ്രസാദ് മുഖർജി ആഭ്യന്തരമന്ത്രി വല്ലഭായി പട്ടേലിനുമേൽ പരമാവധി സമ്മർദ്ദം ചെലുത്തി. എന്നാൽ പട്ടേൽ വഴങ്ങിയില്ല. ഗൂഢാലോചനക്കുറ്റം തെളിയാഞ്ഞതിനാൽ കോടതി സവർക്കറെ വെറുതേ വിട്ടു. നാഥുറാം ഗോഡ്‌സെയടക്കം മറ്റു പ്രതികളെ ശിക്ഷിച്ചു. അപ്പോഴും ശ്യാമപ്രസാദ് മുഖർജി മന്ത്രിയായി തുടർന്നു. 1949 ഡിസംബർ പകുതിയോടെ കിഴക്കൻ പാകിസ്ഥാൻ പ്രക്ഷുബ്‌ധമായി. അവിടെ പട്ടികജാതിക്കാരായ നമോശൂദ്രർക്കെതിരെ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു. കൂട്ടക്കൊലയും ബലാൽസംഗവും നിർബന്ധിത മതപരിവർത്തനവും വ്യാപകമായി. പൊലീസ് കാഴ്‌ചക്കാരായി നിന്നു. ഏറ്റവും കുറഞ്ഞത് 10,000 പേരെങ്കിലും കൊല്ലപ്പെട്ടു. ധാക്കയിൽ മാത്രം 50,000 ഹിന്ദുക്കൾ ഭവനരഹിതരായി. കിഴക്കൻ ബംഗാളിലെ ഹിന്ദുക്കളുടെ പ്രശ്നം ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ ഡൽഹിയിലെത്തിയതിന്റെ തലേദിവസം ശ്യാമപ്രസാദ് മുഖർജി കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവച്ചു. നെഹ്‌റു - ലിയാഖത്ത് ഉടമ്പടി ഒപ്പിട്ട ഏപ്രിൽ എട്ടിന് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ഏപ്രിൽ 19 ന് തന്റെ രാജിക്കിടയാക്കിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഡോ. മുഖർജി പാർലമെന്റിൽ വികാരനിർഭരമായ പ്രസ്താവന നടത്തി. കിഴക്കൻ ബംഗാളിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എണ്ണിപ്പറഞ്ഞു. നെഹ്‌റു - ലിയാഖത്ത് കരാർ നിരർത്ഥകമാണെന്ന് ചൂണ്ടിക്കാട്ടി. കിഴക്കൻ പാകിസ്ഥാനിൽ വർഗീയ ലഹളയും അഭയാർത്ഥി പ്രവാഹവും ഉണ്ടായില്ലെങ്കിൽ പോലും മുഖർജിക്ക് അധികകാലം കേന്ദ്രമന്ത്രിയായി തുടരാൻ കഴിയുമായിരുന്നില്ല. വ്യവസായനയം, ഭൂപരിഷ്‌കരണം, ഹിന്ദു കോഡ്, കാശ്മീരിന്റെ പ്രത്യേക പദവി എങ്ങനെ പലകാര്യങ്ങളിലും മുഖർജിയും നെഹ്രുവും ഭിന്നചേരികളിലായിരുന്നു. അതിനകം ഹിന്ദുമഹാസഭക്കാർക്ക് അനഭിമതനായി തീർന്ന മുഖർജി ആർ.എസ്.എസിന്റെ പിന്തുണയോടെ പുതിയൊരു പാർട്ടി കെട്ടിപ്പടുക്കാൻ തീരുമാനിച്ചു. അങ്ങനെ 1951 ഒക്ടോബർ 21 നു ഡൽഹിയിൽ നടന്ന യോഗത്തിൽ ഭാരതീയ ജനസംഘം പിറവിയെടുത്തു.

ഇനി ഡോ. എം.കെ. മുനീറും കെ. മുരളീധരനും ഉത്തരം കണ്ടെത്തേണ്ടതായ ചോദ്യം. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടനാ അസംബ്ളിയായി പരിവർത്തനം ചെയ്യപ്പെട്ട കേന്ദ്ര നിയമസഭയിൽ മുസ്ളിം ലീഗായിരുന്നു ഏറ്റവും വലിയ പ്രതിപക്ഷപാർട്ടി. ലീഗിന്റെ ഒരംഗത്തെപ്പോലും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നെഹ്‌റു കൂട്ടാക്കാഞ്ഞത് എന്തുകൊണ്ടാവും ?