jh

കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു

കൊച്ചി /പെരുമ്പാവൂർ: അധി​കൃതരുടെ അലംഭാവത്തി​ന് ഇരകളായ മൂന്നു വയസുകാരനും പ്ലസ് വൺ വിദ്യാർത്ഥിനിക്കും ജീവൻ തി​രി​കെ കി​ട്ടി​യത് ഭാഗ്യംകൊണ്ടു മാത്രം.

പെരുമ്പാവൂർ പെരിയാർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി​. സി​ ബസി​ന്റെ മുൻഡോർ തനി​യെ തുറന്ന് പുറത്തേക്ക് തെറി​ച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരി​ക്കേറ്റ ഫർഹയും (16) പനമ്പി​ള്ളി​ നഗറി​ൽ തുറന്നുകി​ടന്ന ഓടയി​ലെ അഴുക്കുവെള്ളത്തി​ൽ വീണ് മുങ്ങി​യ പിഞ്ചുബാലനുമാണ് കഷ്‌ടിച്ച് രക്ഷപ്പെട്ടത്. ഫർഹ മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​യി​ൽ ശസ്ത്രക്രി​യയ്ക്ക് വി​ധേയയായി​.

കുട്ടി കാനയിൽ വീണതിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി. സെക്രട്ടറി ബാബു അബ്ദുൾഖാദർ കോടതിയിൽ മാപ്പുപറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ കാനകൾ മൂടുകയോ കമ്പിവേലി സ്ഥാപിക്കുകയോ ചെയ്യുമെന്ന് സെക്രട്ടറി ഉറപ്പ് നൽകി. കളക്ടർ മേൽനോട്ടം വഹിക്കണമെന്നും രണ്ടാഴ്ച്ചയ്ക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പെരുമ്പാവൂർ ഒക്കൽ ശ്രീനാരായണ സ്കൂളി​ലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫർഹ

മഞ്ഞപ്പെട്ടി വർദ്ധയിൽ വീട്ടിൽ റഷീദിന്റെ മകളാണ്. പെരുമ്പാവൂരിലേക്ക് വന്ന ബസിന്റെ ഡോർ തുറന്ന് കുട്ടി വീണത് കണ്ട്, പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവർ കെ.എസ്.ഷെമീർ അവിടെയുണ്ടായിരുന്ന അക്ബറിനെയും കൂട്ടി സാൻജോ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നിട്ടും ബസിലെ ജീവനക്കാരോ മറ്റുള്ളവരോ ഇറങ്ങിയില്ല. ബസ് യാത്ര തുടരുകയും ചെയ്തു.

പരാതി കിട്ടാത്തതിനാൽ പൊലീസ് കേസെടുത്തില്ല. തിരക്കുള്ള ബസിൽ കുട്ടിയുടെ ബാഗ് തട്ടിയാകാം ഡോർ തുറന്നതെന്നാണ് പെരുമ്പാവൂർ എ.ടി.ഒ ജയകുമാറിന്റെ വിശദീകരണം.

മൂന്നു വയസുകാരന് രണ്ടാം ജന്മം

പനമ്പിള്ളി നഗർ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം ഇന്നലെ സന്ധ്യയ്‌ക്കാണ് മൂന്നുവയസുകാരൻ കാനയിൽ വീണത്. അമ്മ ആതിര കാനയിലേക്ക് തൂങ്ങിയിറങ്ങി കാലുകൊണ്ട് കുട്ടിയെ ഉയർത്തിപ്പിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നെറ്റിയിലെ നേർത്ത മുറിവ് ഒഴിച്ചാൽ നില തൃപ്തികരമാണ്. അമ്മയ്ക്കും ബന്ധുവായ അഞ്ജലിക്കുമൊപ്പം നടക്കുമ്പോഴാണ് അപകടം. സൗത്ത് പൊലീസ് ആശുപത്രിയിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.


ചികിത്സാ ചെലവ് വഹിക്കും: മേയർ

കുട്ടി കാനയിൽ വീണത് ദുഃഖകരമാണെന്ന് മേയർ അഡ്വ. എം. അനിൽ കുമാർ പറഞ്ഞു. കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ ഏറ്റെടുക്കുകയോ താൻ വഹിക്കുകയോ ചെയ്യുമെന്നും മേയർ പറഞ്ഞു.