ചോറ്റാനിക്കര: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ താലൂക്കിലെ മികച്ച കർഷകരെ ആദരിക്കും. താലൂക്കിലെ 15 കൃഷി ഭവനുകളിൽ നിന്ന് തിരഞ്ഞെടുത്ത 15 വീതം പുരുഷ,​ വനിതാ കർഷകരെയാണ് ആദരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അറിയിച്ചു. ഇന്ന് വൈകിട്ട് 3.30ന് മുളന്തുരുത്തി പള്ളിത്താഴം നെഫ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ബാങ്ക് നൽകിയ ജെ.എൽ.ജി വായ്പ നല്ല രീതിയിൽ വിനിയോഗിച്ച തുരുത്തിക്കര സയൻസ് സെന്ററിനെ അനുമോദിക്കും. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്ന് എരുവേലി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിനുള്ള ധനസഹായ വിതരണവും 2020- 21 വർഷത്തിൽ സംസ്ഥാനത്തെ ഗ്രാമ വികസന ബാങ്കുകളിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക് ക്ലാസ് ഒന്ന് ഗ്രേഡിലേക്ക് ഉയർന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കുമെന്ന് വൈസ് പ്രസിഡന്റ് എൻ.സോമരാജൻ,​ ഡയറക്ടർമാരായ എൻ. യു.ജോൺകുട്ടി,​ സി.ജെ.ജോയ്,​ പി.ഇസഡ്. സുൽഫി,​ സെക്രട്ടറി ഷേർലി കുര്യാക്കോസ്,​ പി.എസ്.സിജു എന്നിവർ അറിയിച്ചു.