തൃപ്പൂണിത്തുറ: കഴിഞ്ഞദിവസം തൃപ്പൂണിത്തുറ അലയൻസ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തകാലം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുനിൽ രാജപ്പൻ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ് എന്നിവരുടെ നേത്യത്വത്തിൽ തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒയ്ക്ക് പരാതി നൽകി.
ഉദയംപേരൂർ നടക്കാവ് എസ്.എൻ.ഡി.പി സ്കൂളിന് സമീപം സിദ്ധാർത്ഥം വീട്ടിൽ സിബിന്റെ ഭാര്യ കാവ്യയാണ് അപകടത്തിൽ മരിച്ചത്. അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ പ്രതി കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവിനെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2020 ജൂണിൽ വിഷ്ണുവിന്റെ ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.