
ആലുവ: രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും തമ്മിൽ കൂടിക്കാഴ്ച്ച നടക്കാതിരിക്കാൻ ചില ശക്തികൾ സംഘടിതമായി ശ്രമിച്ചിരുന്നതായി പ്രൊഫ. എം.കെ. സാനു പറഞ്ഞു. അതിനാലാണ് രവീന്ദ്രനാഥ ടാഗോറും ഗുരുദേവനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങൾപോലും എഴുതാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ ആലുവ അദ്വൈതാശ്രമം സന്ദർശിച്ചതിന്റെ ശതാബ്ദിയുടെ ഭാഗമായി അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സാംസ്‌കാരികസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ശിഷ്യനും ഡോ. പല്പുവിന്റെ മകനുമായ നടരാജ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ടാഗോറിന്റെ സെക്രട്ടറി സി.എഫ്. ആൻഡ്രൂസിന് കത്തെഴുതിയത്. ടാഗോറിനെ കാണാനുള്ള ഗുരുവിന്റെ ആഗ്രഹവും സൂചിപ്പിച്ചിരുന്നു. അദ്വൈതാശ്രമത്തിൽ വച്ച് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുങ്ങിയെങ്കിലും ഷൊർണൂരിൽ എത്തിയപ്പോഴേക്കും രോഗബാധിതനായി ടാഗോർ മടങ്ങി. പിന്നീട് വിശ്വഭാരതിയുടെ ധനസമാഹരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് വർക്കല വൈദികമഠത്തിൽവച്ച് ടാഗോർ ഗുരുവിനെ കണ്ടത്. മൂന്നാംനാൾ അദ്വൈതാശ്രമത്തിലെത്തിയാണ് ടാഗോർ മടങ്ങിയത്. ഗുരുശിഷ്യനായ കുമാരനാശാന്റെ നേതൃത്വത്തിലാണ് അദ്വൈതാശ്രമത്തിൽ ടാഗോറിനെ സ്വീകരിച്ചത്. ഗുരുദർശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ടാഗോറെന്നും എം.കെ. സാനു പറഞ്ഞു.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ വേണു വി. ദേശം, സ്വാമിനി നിത്യചിന്മയി എന്നിവർ ടാഗോറിന്റെ കവിതകൾ ചൊല്ലി. ഡോ. സുരാജ് ബാബു, മുസ്തഫ മൗലവി എന്നിവരെ സ്വാമി ധർമ്മചൈതന്യ ആദരിച്ചു. ബാലസാഹിത്യകാരൻ എം.പി. ജോസഫ് എഴുതിയ 'ആകാശക്കുട' പ്രൊഫ. എം.കെ. സാനു പ്രകാശിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, ബോർഡ് മെമ്പർ വി.ഡി. രാജൻ, സിസ്റ്റർ ശാലിനി, ശിവൻ മുപ്പത്തടം, എം.പി. ജോസഫ്, ബാലൻ ഏലൂക്കര എന്നിവർ സംസാരിച്ചു.