snm-hss-moothakunnam
മൂത്തകുന്നം ശ്രീനാരായണമംഗലം സ്കൂൾ

പറവൂർ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിനോട് ചേർന്ന് നൂറുവർഷം മുമ്പ് ആരംഭിച്ച എസ്.എൻ.എം സ്കൂളിന്റെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ഇന്ന് തുടങ്ങും. വൈകിട്ട് മൂന്നിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി ലോഗോ പ്രകാശിപ്പിക്കും.

എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഇ.ടി. ടൈസൻ, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, സഭാ സെക്രട്ടറി ഡി. സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി. പ്രദീപ് തുടങ്ങിയവർ സംസാരിക്കും.

സഭാ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്.

വടക്കേക്കരയിലെ മുഖ്യജനവിഭാഗമായിരുന്ന ഈഴവർക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദം വിദ്യാഭ്യാസ സൗകര്യം കുറവായിരുന്നു. അടുത്തുള്ള പുതിയകാവ് സ്കൂളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അന്ന് ഏകആശ്രയം പറവൂർ സർക്കാർ മലയാളം മിഡിൽ സ്കൂളായിരുന്നു. സാമൂഹ്യമായ പിന്നാക്കാവസ്ഥക്കുള്ള പരിഹാരം വിദ്യ നേടുകയെന്നുള്ളതാണെന്ന അറിവ് തിരിച്ചറിഞ്ഞ് വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലനസഭ പരിശ്രമം ആരംഭിച്ചു. 1882ൽ സ്ഥാപിതമായ സഭ ക്ഷേത്രത്തോടൊപ്പം ആശാൻകളരിയും നടത്തിയിരുന്നു. സഭ തിരുവിതാംകൂർ സർക്കാരിന് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. ഇതറിഞ്ഞ മഹാകവി കുമാരനാശാൻ മുൻകൈയെടുത്ത് തയ്യാറാക്കി സഭാ ഭാരവാഹികൾ തിരുവിതാംകൂർ ദിവാനെക്കണ്ട് നിവേദനം നൽകി. അതിന്റെ ഫലമായി സ്കൂൾ തുടങ്ങാൻ അനുമതിയായി.

വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ആർ. ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 1922 ജൂലായ് 26ന് നടന്ന സമ്മേളനത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സഭ എസ്.എൻ.എം മിഡിൽ സ്കൂൾ ആരംഭിച്ചു. 45 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച വിദ്യാലയം തിരുവിതാംകൂറിലെ പ്രമുഖ മിഡിൽ സ്കൂളുകളിൽ ഒന്നായിമാറി. 1934ൽ സഭ നടത്തിയ പരിശ്രമത്തിന്റെ ഫലമായി നാലാം ഫാറം അരംഭിച്ച് എസ്.എൻ.എം ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർന്നു. 1937ൽ ആദ്യ ബാച്ച് ഇ.എസ്.എൽ.സി വിദ്യാർത്ഥികൾ പഠിച്ചിറങ്ങി.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങളിലും മൂത്തകുന്നത്തെ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാടാകെ പട്ടിണിയിലായതോടെ കുറേ കുട്ടികൾ പഠിപ്പുനിർത്തിയത് സ്കൂൾ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. 1940 മാർച്ച് 22-ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ മൂത്തകുന്നത്ത് എത്തി. അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം അധികൃതർക്ക് സ്കൂളിനോടുള്ള നിലപാടുകളിൽ മാറ്റംവന്നു. പ്രവർത്തനം വീണ്ടും ശക്തിപ്പെട്ടു.1947ൽ സർക്കാർ പറവൂർ താലൂക്ക് നിർബന്ധിത പ്രൈമറി വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. കൂടുതൽ കുട്ടികൾ പഠനത്തിനെത്തി. ഇതിനുശേഷം മലയാളം പ്രഥമ ഭാഷയാക്കിയതോടെ എസ്.എൻ.എം ഹൈസ്കൂളായി മാറി.

1998ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. നിലവിൽ ഹയർ സെക്കൻഡറിയിൽ 651, ഹൈസ്കൂളിൽ 880 വിദ്യാർത്ഥികളുണ്ട്. രണ്ട് വിഭാഗങ്ങളിലായി 65 അദ്ധ്യാപകരും ഏഴ് ഇതരജീവനക്കാരും ജോലി ചെയ്യുന്നു. പി.എസ്. ജ്യോതിലക്ഷ്മി പ്രിൻസിപ്പലും എം.ബി. ശ്രീകല ഹെഡ്മിസ്ട്രസുമാണ്.