കൊച്ചി: ഭരണകൂടങ്ങൾ മാറിമാറി വന്നിട്ടും കൊച്ചി നഗരത്തിലെ മൂടാത്തതും അലക്ഷ്യമായി മൂടിയതുമായ കാനകൾ യാത്രക്കാർക്ക് ഉയർത്തുന്ന ഭീഷണിക്ക് പരിഹാരമാകുന്നില്ല. വർഷങ്ങളായി മൂടാത്ത കാനകളും കിലോമീറ്ററുകളോളം ഒരു മാൻഹോൾ പോലും സ്ഥാപിക്കാത്തതുമായ കാനകളും നിരവധി. പലയിടത്തും ശ്രദ്ധ അല്പമൊന്ന് തെറ്റിയാൽ കാനയിൽ വീഴാം.
മൂടാത്ത കാനകൾ..
വ്യാഴാഴ്ച രാത്രി മൂന്നു വയസുകാരൻ ഗൗതം വീണത് പനമ്പള്ളി നഗറിൽ ഫെഡറൽ ബാങ്കിനു സമീപം തിരക്കേറിയ നടപ്പാതയിലെ കാനയിലാണ്. ആറരയടിയിലേറെ വീതിയുള്ള കാന വർഷങ്ങളായി അടയ്ക്കാതെ കിടക്കുകയാണ്. ആഴമുള്ളതും ഒഴുക്കുള്ളതും പലയിടത്തും ചെളി നിറഞ്ഞതുമായ കാനയാണിത്
മെയിൻ അവന്യൂ റോഡിൽ പനമ്പിള്ളിനഗർ ജംഗ്ഷൻ മുതൽ കിലോമീറ്ററുകളോളം ദൂരത്തിൽ റോഡിന്റെ ഒരു വശത്തെ ചെറിയ കാനകളും മൂടിയിട്ടില്ല.
അശ്രദ്ധം... അശാസ്ത്രീയം...
മെട്രോയുടെ നിർമ്മാണ ജോലികൾ നടക്കുന്ന സമയം മുതൽ നഗരത്തിലെ കാനകളുടെ ശനിദശ തുടങ്ങിയതാണ്. ഇടവിട്ട് മാൻഹോൾ ഇട്ട് കാനകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്ന സാമാന്യ ബോധം പോലും നിർമ്മാണത്തിലില്ല. വെള്ളക്കെട്ട് വരുമ്പോൾ സ്ലാബുകളും തറയോടുകളും കുത്തിപ്പൊളിക്കുന്നതാണ് പതിവ്.
കഴിഞ്ഞ മാസത്തെ വെള്ളക്കെട്ടിനു പിന്നാലെ ഹൈക്കോടതി ഇടപെടലിനേത്തുടർന്ന് നഗരത്തിലെ കാനകൾ വൃത്തിയാക്കുന്നതും ഇങ്ങനെ തന്നെ. കുത്തിപ്പൊളിച്ച സ്ഥലങ്ങളിൽ സ്ലാബുകൾ തിരികെയിട്ടെങ്കിലും ഉറപ്പിച്ചിട്ടില്ല. എസ്.ആർ.വി ജംഗ്ഷൻ അടമുള്ള പല സ്ഥലങ്ങളിലും കുത്തിപ്പൊളിച്ച സ്ഥലങ്ങൾ ദിവസങ്ങളായി യാത്രായോഗ്യമല്ലാതെ കിടക്കുന്നുണ്ട്. വുഡ്‌ലാൻഡ്‌സ് ജംഗ്ഷനിൽ നിന്ന് കളക്ടേഴ്‌സ് ബംഗ്ലാവ് റോഡിലേക്ക് തിരിയുന്ന റോഡിന്റെ ഇരുവശത്തും അവസ്ഥ സമാനം.
ഏകോപനമില്ല...
ഒരു ഭാഗത്ത് സ്മാർട്‌സിറ്റി മിഷൻ, ഒരു ഭാഗത്ത് നഗരസഭ, മറ്റു ചിലയിടത്ത് ജില്ലാ കളക്ടർ നേരിട്ട്.. ഇങ്ങനെ വിവിധ തലങ്ങളിലെ മേൽനോട്ടത്തിൽ കാന നിർമ്മാണവും നവീകരണവും നടക്കുന്നുണ്ട്. ഇവ തമ്മിൽ പക്ഷേ യാതൊരു ഏകോപനവുമില്ല.
ദൗർഭാഗ്യകരം, ആവർത്തിക്കാതിരിക്കാൻ മുൻകരുതലൊരുക്കും: മേയർ
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. തുറസായ തോടുകളും കാനകളും ഉള്ളിടത്ത് വേലികെട്ടി തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാനകളുടെ സ്ലാബുകൾ ജെ.സി.ബി. ഉപയോഗിച്ച് ഉയർത്തുമ്പോൾ കാലപ്പഴക്കം കാരണം പലതും നശിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്ലാബുകൾ പുനഃനിർമ്മിക്കുവാൻ നഗരസഭയ്ക്ക് നിയമപരമായ തടസ്സമുണ്ട്. ഈ ഭാഗങ്ങളിലും നഗരസഭ ബാരിക്കേഡുകൾ സ്ഥാപിക്കും.
കാനകൾ മൂടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇതിന് പലതവണ പദ്ധതിയും തയാറാക്കിയിരുന്നു. പക്ഷേ, പലപേരുകൾ പറഞ്ഞാണ് കാന മൂടാത്തത്. ഇനിയെങ്കിലും പരിഹാരം കാണണം.
അഞ്ജന രാജേഷ്
വാർഡ് കൗൺസിലർ
ഇത്തരം അവസ്ഥ ഇനിയൊരിക്കലും ഉണ്ടാകരുത്. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം.
ആതിര
കാനയിൽ വീണ കുട്ടിയുടെ അമ്മ