പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാസംഘം സംഘടിപ്പിക്കുന്ന മെഗാ ഓണക്കളി മത്സരം നാളെ (ഞായർ) നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരം വൈകിട്ടുവരെ നീളും. യൂണിയന്റെ കീഴിലുള്ള ശാഖായോഗങ്ങളിലെ ടീമുകളാണ് പങ്കെടുക്കുന്നത്. പന്ത്രണ്ട് മിനിറ്റുള്ള മത്സരത്തിൽ പന്ത്രണ്ടുമുതൽ ഇരുപതുപേർവരെ ഒരു ടീമിൽ ഉണ്ടാകും. ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് 10001രൂപയും രണ്ടാം സ്ഥാനത്തിന് 7500 രൂപയും മൂന്നാം സ്ഥാനത്തിന് 5001 രൂപയും ഫലകവും സമ്മാനമായി നൽകും.
കൊടുങ്ങല്ലൂർ യൂണിയൻ വനിതാസംഘം സംഘടിപ്പിച്ച മെഗാ ഓണക്കളി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച പാല്യംതുരുത്ത്, കെട്ടിക്കൽ പുനർജ്ജനി ശാഖ, എൽതുരുത്ത് ശാഖ എന്നിവടങ്ങളിലെ വനിതാസംഘം ടീമുകളുടെയും കൊടുങ്ങല്ലൂർ വി.ഡി സഭ പുരുഷ കൂട്ടായ്മയുടെയും പ്രദർശന ഓണക്കളി നടക്കും. രാവിലെ പത്തിന് യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ഓമന ശിവൻ അദ്ധ്യക്ഷത വഹിക്കും.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വനിതാസംഘം എല്ലാ യൂണിയനുകളിലും സംഘടിപ്പിക്കുന്ന ജനജാഗ്രതാ സദസിന്റെ ഉദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിക്കും. ജനജാഗ്രതാ സന്ദേശം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, വൈസ് പ്രസിഡന്റ് ഷൈജ മുരളീധരൻ തുടങ്ങിയവർ സംസാരിക്കും.