മട്ടാഞ്ചേരി: ആറായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിന് ഇന്ന് തുടക്കമാകും. 23 വരെ മട്ടാഞ്ചേരി ടി.ഡി.ഹൈസ്കൂളിൽ നടക്കുന്ന കലോത്സവം കെ.ജെ. മാക്സി എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളിലായി 365 ഇനങ്ങളിലാണ് മത്സരം.

കൊവിഡിന് ശേഷമുള്ള കലോത്സവം ഗംഭീരമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. ഭക്ഷണം,താമസ സൗകര്യം ഉൾപ്പെടെയുള്ളവ ഒരുക്കിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ അദ്ധ്യക്ഷത വഹിക്കും. കലാമേള ഉദ്ഘാടനം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ് നിർവഹിക്കും.രചന മത്സരം കൗൺസിലർ കെ.എ. മനാഫും അറബി കലോത്സവം കൗൺസിലർ രഘുറാം പൈയും ഉദ്ഘാടനം ചെയ്യും.സംസ്കൃത കലോത്സവം ബി.ജഗന്നാഥ ഷേണായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ മുഖ്യാതിഥിയായിരിക്കും.ലോഗോ പുരസ്ക്കാരം വിതരണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് നിർവഹിക്കും. 23 ന് നടക്കുന്ന സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ എ.ഇ.ഒ എൻ.സുധ, പി.എം.സുബൈർ, അൻവർ, പി.ജി.സേവ്യർ , ടി.കെ ഷിബു,ആന്റണി തുടങ്ങിയവർ പങ്കെടുത്തു.