പള്ളുരുത്തി: ചെല്ലാനത്ത് കടൽഭിത്തി നിർമ്മിക്കാൻ കല്ലുമായി വന്ന ടോറസ് ചെറിയകടവിൽ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ചെറിയ കടവ് ഷാപ്പിനു സമീപമാണ് സംഭവം. നിയന്ത്രണം വിട്ട ടോറസ് സമീപത്തുള്ള വീടിന്റെ മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ കളരിക്കൽ ടോമിയുടേയും സഹോദരൻ ജോസിയുടെയും മതിലുകളാണ് തകർന്നത്. പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.. പുലർച്ചെ റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ കണ്ണമാലി പൊലീസ് കേസെടുത്തു.