കൊച്ചി: സവർണ ജാതി സംവരണത്തിലൂടെ രാജ്യത്തെ സാമൂഹ്യനീതി അപകടത്തിലായെന്ന് ഭരണഘടന വിദഗ്ദ്ധൻ ഡോ. ജി.മോഹൻ ഗോപാൽ. ഓൾ ഇന്ത്യ ബാക്ക്വേഡ് ക്ലാസസ് ഫെഡറേഷന്റെയും സംവരണ സമുദായ മുന്നണിയുടെയും ആഭിമുഖ്യത്തിൽ നടന്ന അവകാശ പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക സംവരണം തന്നെ നിർത്തലാക്കിയേക്കുമെന്ന സാഹചര്യമാണിപ്പോൾ. ഈ നീക്കത്തെ എതിർക്കാൻ ആരുമില്ലാത്ത സ്ഥിതിയുമുണ്ട്. യാതൊരു ചർച്ചയുമില്ലാതെ ബി.ജെ.പി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോൾ കോൺഗ്രസും ഇടതുപക്ഷവുമൊക്കെ അതിന് വോട്ട് ചെയ്യുന്നു. അവരുടെ ഉദ്ദേശം സാമൂഹിക നീതിയെ തകർക്കലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇതിലൂടെ ഭരണഘടനയെയാണ് ആക്രമിക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ ഭരണഘടനയെയും സാമൂഹിക നീതിയെയും സംരക്ഷിക്കാൻ പോരാടിയേ തീരു. രാജ്യത്തിന്റെ ശക്തി പിന്നാക്ക വിഭാഗങ്ങളാണ്. അവരിലൂടെയേ രാജ്യത്തിന് മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. നേതൃ സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സംവരണ സമുദായ മുന്നണി പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ബാക്ക്വേഡ് ക്ലാസസ് പ്രസിഡന്റ് വി.ആർ.ജോഷി വിഷയം അവതരിപ്പിച്ചു. പ്രൊഫ.എം.കെ.സാനു, മുൻ മന്ത്രിമാരായ നീലലോഹിതദാസൻ നാടാർ, കുട്ടി അഹമ്മദ് കുട്ടി, മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീർ, ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി കപിക്കാട്, അഡ്വ.എ.എൻ.രാജൻ ബാബു, സംസ്ഥാന പട്ടികജാതി പട്ടിക വർഗ കമ്മീഷൻ ബി.എസ്. മാവോജി എന്നിവർ പങ്കെടുത്തു.