പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കീരിടത്തിനടുത്ത്. 429 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തുള്ളത്. കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ 339 പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 182 പോയിന്റോടെ എസ്.എൻ.വിയും ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 145 പോയിന്റോടെ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും യു.പി ജനറൽ വിഭാഗത്തിൽ 48 പോയിന്റോടെ കൂനമ്മാവ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും എൽ.പി ജനറൽ വിഭാഗത്തിൽ 33 പോയിന്റോടെ കരുമാല്ലൂർ നവദീപ്തി ഇ.എം സ്കൂളും മുന്നിട്ടുനിൽക്കുന്നു.
നാടകം, മൂകാഭിനയം, മോണോആക്ട്, മിമിക്രി, ഗസൽ ആലാപനം, ശാസ്ത്രീയസംഗീതം എന്നീ ഇനങ്ങളിലാണ് ഇന്ന് മത്സരം. ഒന്നും രണ്ടും ദിവസങ്ങളിലെ മത്സരവിജയികൾക്കുള്ള സമ്മാനദാനം പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, കെ.ജെ. ഷൈൻ, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, സി.എസ്. ജയദേവൻ, വീണ, ജാസ്മിൻ, മുഹമ്മദ് അഷറഫ്, വോൾഗ എന്നിവർ സംസാരിച്ചു.