manappuram-

ആലുവ: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായിട്ടും ആലുവ ശിവരാത്രി മണപ്പുറത്തെ ഒരുക്കങ്ങൾ പൂർണമായില്ലെന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് വിഷയത്തിൽ ദേവസം ബോർഡ് ഇടപെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മണപ്പുറത്തെ കാട് വെട്ടിത്തെളിക്കുന്നതിൽനിന്ന് വിട്ടുനിന്ന അധികൃതർ വാർത്തയെത്തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്മാറി.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഉച്ചയോടെ യന്ത്രം ഉപയോഗിച്ച് കാട് വെടിത്തെളിച്ച് തുടങ്ങി. വലിയ വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യുന്നതിനായി നിലവിലുള്ള കെട്ടിടത്തിന് പിന്നിലെ കാടും പുല്ലുമാണ് നീക്കുന്നത്.

പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കുന്നില്ലെങ്കിലും മുഴുവൻ സമയവും പൊലീസിന്റെ നിരീക്ഷണം മണപ്പുറത്തും പരിസരത്തും ഉണ്ടാകുമെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. കൂടാതെ രാത്രികാലങ്ങളിൽ ദേശീയപാത വഴി പോകുന്ന തീർത്ഥാടകർക്ക് ചുക്കുകാപ്പി വിതരണം ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. വ്യാപാരികളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കം. മണപ്പുറം മഹാദേവ ക്ഷേത്രത്തിന് ചുറ്റും പതിവായി നിർമ്മിക്കാറുള്ള താത്കാലിക പന്തൽ ഇക്കുറി വേണ്ടെന്ന നിലപാടിൽ ദേവസ്വം ബോർഡ് മാറ്റം വരുത്തിയിട്ടില്ല.