1

മട്ടാഞ്ചേരി: അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള മകന് പരിക്കേറ്റു. അമരാവതി സ്വദേശി രമേശിന്റെ മകൻ ജയകുമാറാ (37) ണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ അമരാവതി ക്രിസ്ത്യൻ പള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ആലുവ - ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിച്ചു. മകൻ ദീരവ് കൃഷ്ണയെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിഷിംഗ് ജോലിക്കാരനായിരുന്നു ജയകുമാർ. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറെയും ഫോർട്ട്കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപയാണ് മരിച്ച ജയകുമാറിന്റെ ഭാര്യ. ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു.