home
സാന്ത്വന ചികിത്സയായ പാലിയേറ്റീവ് കെയറിലടക്കം ഹൈടെക് സംവിധാനങ്ങളിലേക്ക് ഹോമിയോപ്പതി.

കൊച്ചി : സാന്ത്വന ചികിത്സയായ പാലിയേറ്റീവ് കെയറിലടക്കം ഹൈടെക് സംവിധാനങ്ങളിലേക്ക് ഹോമിയോപ്പതി. കുട്ടികൾക്കുള്ള ചികിത്സയെന്ന പലരുടെയും ധാരണകൾ തിരുത്തി എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സംസ്ഥാന തലത്തിൽ ഒരുങ്ങുന്നത്. മുൻനിരയിലുള്ള എറണാകുളം ജില്ലയിൽ പല പദ്ധതികളും ലക്ഷ്യത്തോടടുക്കുന്നു.

അവശനിലയിലുള്ളവരെ വീടുകളിലെത്തി ചികിത്സിക്കുന്നതിന് വൻ സ്വീകാര്യതയാണു ലഭിച്ചത്. ജില്ലാ ഹോമിയോ ആശുപത്രിയുടെ നവീകരണം പൂർത്തിയായതോടെ രണ്ടുമാസത്തിനകം കിടത്തി ചികിത്സ തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നു.

2016ൽ വകുപ്പ് അനുവദിച്ച മൂന്നു ലക്ഷം രൂപ ഉപയോഗിച്ചാണ് സാന്ത്വന ചികിത്സ തുടങ്ങിയത്. ഹോം കെയർ‌ പദ്ധതിയുടെ ഭാഗമായി ആദ്യവർഷം 36 വീടുകളിൽ എത്തിയിരുന്നെങ്കിൽ നിലവിൽ ഒരു മാസം ചുരുങ്ങിയത് 15 വീടുകളിൽ പ്രത്യേക പരിശീലനം നേടിയ ഡോക്ടറും നഴ്സും സഹായിയും ഉൾപ്പെടുന്ന പാലിയേറ്റീവ് സംഘം എത്തുന്നു.

ആഴ്ചയിൽ നാലുദിവസം വീടുകളിൽ

തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് വീടുകളിലെത്തിയുള്ള സൗജന്യ സാന്ത്വന ചികിത്സ. ഒരു യാത്രയിൽ മെഡിക്കൽ സംഘം ശരാശരി എട്ടു വീടുകൾ സന്ദ‌‌ർശിക്കും.അവശ നിലയിലുള്ള രോഗികളുടെ അടുത്ത ബന്ധുക്കൾ ജില്ലാ ആശുപത്രിയിലെത്തി രജിസ്റ്റ‌ർ ചെയ്യണം. അർഹരായവ‌ർ‌ക്ക് വാട്ടർ ബെഡ്, വീൽ ചെയർ തുടങ്ങിയവ നൽകും. മെഡിക്കൽ സംഘത്തിനുള്ള വാഹനം 2018ൽ എയ‌ർ ഇന്ത്യ സൗജന്യമായി നൽകുകയായിരുന്നു. പാലിയേറ്റീവ് കെയറിന് ആഴ്ചയിൽ ഒരു ഒ.പിയുമുണ്ട്.

ആശ്വാസം 'അരികെ"

സംസ്ഥാന സർക്കാർ തുടക്കമിട്ട 'അരികെ" എന്ന സംരംഭവും വൻ വിജയമായി. അലോപ്പതി, ഹോമിയോ, ആയു‌ർവേദ വിഭാഗങ്ങൾ ഉൾപ്പെടുന്ന സംഘത്തിന്റെ സേവനമാണ് ലഭിക്കുക. അതത്, ചികിത്സ ആവശ്യമുള്ളവർക്കു തിരഞ്ഞെടുക്കാം. പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗമുള്ളവ‌ർക്കായി 'ആയുഷ്മാൻ ഭവ",​ വന്ധ്യതാ നിവാരണ ക്ലിനിക്ക് ജനനി,​ കുട്ടികൾക്കുവേണ്ടിയുള്ള സദ്ഗമയ,​ അലർജി ​ വിഭാഗങ്ങളുമുണ്ട്.

വീഴ്ച കൂടി, പക്ഷാഘാതം പിടിമുറുക്കി

റോഡപകടങ്ങൾ, കെട്ടിടങ്ങളിൽ നിന്നുള്ള വീഴ്ച എന്നിവ മൂലം ചെറുപ്പക്കാരിലടക്കം പക്ഷാഘാത (സ്ട്രോക്ക്) നിരക്ക് കൂടുകയാണെന്നാണ് റിപ്പോർട്ട്. രക്തസമ്മർദ്ദ രോഗികളുടെ എണ്ണവും കൂടുതലാണ്. സാന്ത്വന ചികിത്സ തേടുന്നവരിൽ ഇവരും കാൻസർ അടക്കമുള്ള രോഗങ്ങൾ മൂർച്ഛിച്ചവരുമുണ്ട്.

റേഡിയേഷൻ, കീമോ തെറാപ്പി തുടങ്ങിയവയുടെ ബുദ്ധിമുട്ടുകൾ താങ്ങാനാവാത്തവരും ഹോമിയോ ചികിത്സ തേടിയെത്താറുണ്ടെന്നു ഡോക്ട‌മാർ പറയുന്നു. അവശ്യഘട്ടങ്ങളിൽ റേഡിയേഷനും കീമോയും നിർദ്ദേശിക്കാറുമുണ്ട്.

* * * * * *

വകുപ്പുതല ഫണ്ടിനു പുറമേ ജില്ലാ പഞ്ചായത്തിന്റെ സഹായവും സഹകരണവുമാണ് എറണാകുളത്തെ മുൻനിരയിലെത്തിച്ചത്. കൊവിഡ് പ്രതിരോധത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഹോമിയോ മെഡിക്കൽ സംഘത്തിനു കഴിഞ്ഞു.

സി.എൽ. രാജേശ്വരി, സൂപ്രണ്ട്, ജില്ലാ ഹോമിയോ ആശുപത്രി