കോലഞ്ചേരി: കണ്ടക്ടർ വിനയന്റെ സത്യസന്ധതയും ആത്മാർത്ഥ പരിശ്രമവും ചേർന്നപ്പോൾ താജുദ്ദീൻ കാഞ്ഞിരപ്പിള്ളിക്ക് കെ.എസ്.ആർ.ടി.സി ബസിൽ നഷ്ടപ്പെട്ട പണവും ക്രെഡി​റ്റ്, ഡെബി​റ്റ് കാർഡുകളുമടങ്ങുന്ന പേഴ്‌സ് തിരിച്ചു കിട്ടി. പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ കോലഞ്ചേരി ഏഴിപ്രം കളങ്ങാട്ടിൽ വിനയനാണ് യാത്രക്കിടയിൽ നഷ്ടപ്പെട്ട പേഴ്‌സിന്റെ ഉടമയെ കണ്ടെത്താൻ വേറിട്ട വഴികളിൽ സഞ്ചരിച്ചത്.

കഴിഞ്ഞയാഴ്ച പിറവം കോടഞ്ചേരി ബസിലെ കണ്ടക്ടറായിരിക്കെ കുന്നംകുളത്ത് നിന്ന് ചങ്കുവെട്ടിയിലേക്ക് യാത്ര ചെയ്യവേയാണ് താജുദ്ദീന് പേഴ്‌സ് നഷ്ടപ്പെട്ടത്. ബസിന്റെ നമ്പറോ തിരിച്ചറിയാനുള്ള വിവരവുമില്ലാതെ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വാട്‌സ് ആപ്പിൽ മകളുടെ സ്‌കൂളിലെ അദ്ധ്യാപകന്റെ 'പേഴ്‌സ് തിരികെ ലഭിക്കാൻ വിനയനെ ബന്ധപ്പെടുക' എന്ന സന്ദേശം എത്തിയത്. കോഴിക്കോട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്​റ്ററിൽ നിന്ന് വാങ്ങിക്കോളൂ എന്നായിരുന്നു വിനയന്റെ മറുപടി. കോഴിക്കോടെത്തി താജുദ്ദീൻ പേഴ്‌സ് കൈപ്പ​റ്റി. തൊട്ടടുത്ത ദിവസം ഇതേ ബസ് തൃശൂരെത്തിയപ്പോൾ നേരെട്ടെത്തി നന്ദിപറയാനും താജുദ്ദീൻ മറന്നില്ല.

പേഴ്‌സിൽ ഉണ്ടായിരുന്ന സ്‌കൂൾ ഫീസടച്ച രസീതിലൂടെയാണ് വിനയൻ താജുദ്ദീനിലേക്കെത്തിയത്. താജുദീന്റെ മകൾ പഠിക്കുന്ന സ്കൂളിൽ വിവരം അറിയിച്ചപ്പോൾ അവർ കുട്ടിയെ കണ്ടെത്തി. അങ്ങനെയാണ് വാട്ആപ്പിൽ താജുദ്ദീന് സന്ദേശമെത്തിയത്.

താജുദ്ദീൻ ഫേസ് ബുക്കിലിട്ട പോസ്റ്റും വൈറലായി. പതിനായിരങ്ങൾ കമന്റും ലൈക്കുമായെത്തി, വിനയൻ നാട്ടിലെ താരമായി.

ആനവണ്ടി ഒരുപാട് ഓർമ്മകൾ നൽകാറുണ്ടെങ്കിലും അതിൽ നല്ലതും വേദനാജനകവുമുണ്ടെന്ന കുറിപ്പോടെയാണ് പോസ്​റ്റ് തുടങ്ങുന്നത്. ഇത് ഒരു മധുരമൂറുന്ന അനുഭവമായാണ് കുറിപ്പ് അവസാനിക്കുന്നത്. സുധയാണ് വിനയന്റെ ഭാര്യ. മകൻ: ശ്രീഹരി,