തൃപ്പൂണിത്തുറ: പതിറ്റാണ്ടുകൾക്ക് മുമ്പ് കണിയാമ്പുഴ പാലം നിർമ്മിച്ചപ്പോൾ മുതലുള്ള ആവശ്യമാണ് അനുബന്ധ റോഡ് വികസനവും. റോഡ് പുനരുദ്ധാരണത്തിന് മുൻ എം.എൽ.എ എം. സ്വരാജ് ഇടപെട്ട് 2020 നവംബറിൽ പത്തു കോടി രൂപ അനുവദിച്ചെങ്കിലും കണിയാമ്പുഴ പാലം മുതൽ എരൂർ മാത്തൂർ ഗേറ്റ് വരെയുള്ള 1.8 കി.മീറ്റർ ദൈർഘ്യമുള്ള കണിയാമ്പുഴ റോഡിന്റെ അവസ്ഥ ഇന്നും ദയനീയം തന്നെ.
വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയ്ക്ക് പെട്ടെന്ന് എത്താവുന്ന റോഡ് ഇൻഫോപാർക്ക്, അമ്പലമുകൾ വ്യവസായ മേഖല, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്ന കുറുക്കു വഴിയാണ്. പലയിടത്തും 3 മീറ്റർ വീതിയുള്ള റോഡ് ഗതാഗത യോഗ്യമാക്കിയാൽ വൈറ്റിലയിൽ നിന്നും പേട്ടയിലേക്കുള്ള ഗതാഗതപ്രശ്നത്തിന് ഒരളവ് വരെ പരിഹാരമാകും.
ഇടുങ്ങിയ റോഡിലെ കൊടുംവളവുകളും സൈഡ് കൊടുക്കുമ്പോഴുള്ള ട്രാഫിക് ബ്ലോക്കും മൂലം സ്വകാര്യ ബസുകൾ സർവീസ് നിറുത്തി വച്ചിരിക്കുകയാണ്.
പ്രദേശവാസികളുടെ എതിർപ്പാണ് നിർമ്മാണം തുടങ്ങാൻ വൈകുന്നതിന്റെ കാരണമെന്നായിരുന്നു അധികൃതരുടെ പരാതി. എന്നാൽ മതിയായ പ്രതിഫലം കിട്ടിയാൽ സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറെന്ന് സമീപവാസികളും പറയുന്നു.
100 കണക്കിന് സ്കൂൾ ബസുകളും ആയിരക്കണക്കിന് മറ്റു വാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന കണിയാമ്പുഴ റോഡിന്റെ വശങ്ങൾ ഏറെ ജനസാന്ദ്രമാണ്. രാവിലെയും വൈകിട്ടും ഇതുവഴിയുള്ള യാത്ര പലർക്കും പേടി സ്വപ്നമാണ്. ഹോസ്പിറ്റലിലേക്കുള്ള അത്യാഹിത വാഹനങ്ങൾ ഇതുവഴി പോയാൽ രോഗിയുടെ മരണം ഉറപ്പ്.
ഇടുങ്ങിയ പാലത്തിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്ക് കടക്കുമ്പോൾ റോഡിന് കൈവരി ഇല്ലാത്തതിനാൽ അപകട സാദ്ധ്യത വർദ്ധിക്കുന്നു. രാത്രി കാലത്ത് ഇരുട്ടു മൂടി കിടക്കുന്ന റോഡിൽ പരിചിതരല്ലാത്തവർ അപകടങ്ങളിൽ പെടുന്നുമുണ്ട്.
ഇരുവശത്തേക്കും തുറക്കാത്ത ഈ കാന
മാത്തൂർ ജംഗ്ഷന് സമീപം എരൂർ റോഡിൽ 200 മീറ്റർ നീളത്തിൽ ഈയിടെ നിർമിച്ച കാനയിലെ അഴുക്ക് മഴപെയ്താൽ റോഡിലേക്ക് ഒഴുകും. ഇരുവശത്തേക്കും തുറക്കാത്തതാണ് ഈ കാന. റോഡ് വീതികൂട്ടുമ്പോൾ മദ്ധ്യഭാഗത്തേക്ക് മാറുന്ന കാന മൂടാൻ ലക്ഷങ്ങൾ വീണ്ടും മുടക്കണം.
ചുറ്റിക്കറങ്ങി 10 കിലോമീറ്റർ
വികസനം മുന്നിൽ കാണാതെ അശാസ്ത്രീയമായി നിർമിച്ച മാത്തൂർ ഓവർ ബ്രിഡ്ജ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വിലങ്ങുതടിയാണ്. എരൂരിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമുള്ള വൈറ്റില എത്തേണ്ടവർ റോഡിന്റെ ദുരവസ്ഥയും സ്വന്തം വാഹനത്തിന്റെ സുരക്ഷയെയും കരുതി തൃപ്പൂണിത്തുറ വഴി 10 കിലോമീറ്റർ കറങ്ങി എത്തേണ്ട അവസ്ഥയാണ്.
--------------------------------------
"റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് നിലവിൽ അനുവദിച്ച തുക അപര്യാപ്തമാണ്. അനുവദിച്ച ഫണ്ടു കൊണ്ട് ആവശ്യത്തിനുള്ള സ്ഥലം ഏറ്റെടുത്ത് റോഡിലെ കൊടും വളവുകൾ നിവർത്തി സഞ്ചാര യോഗ്യമാക്കിയാൽ നാട്ടുകാർക്കും ജില്ലയിലെ കിഴക്കൻ മേഖലയിലുള്ളവർക്കും ഈ റോഡ് ഒരു അനുഗ്രഹമാകും"
വി.സി. ജയേന്ദ്രൻ, കൺവീനർ ട്രൂറ