tap
ഹാഫ് സെഞ്ച്വറി​ കടന്ന് കപ്പ വി​ല

കപ്പ @ 55

കോലഞ്ചേരി: കൊവി​ഡ് കാലത്തെ വറുതി​യി​ൽ നി​ന്ന് കപ്പ കർഷകർക്ക് ഒരു മോചനമെന്നോണം കപ്പവി​ല കുതി​ച്ചുയർന്നു. നാട്ടിൻപുറങ്ങളിൽ ചില്ലറവില കിലോ 55 ലെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കപ്പവില ഇത്രയും ഉയരുന്നതെന്ന് കർഷകർ പറയുന്നു.

കൊവിഡ് കാലത്ത് വില ഇടിഞ്ഞ് വൻ നഷ്ടമുണ്ടായി. ലോക്ക് ഡൗണിൽ വിളവെടുക്കാറായ കപ്പ സൗജന്യമായി വരെ പറിച്ച് നൽകി തോട്ടം ഒഴിവാക്കിയവരുമുണ്ട്. സി.എഫ്.എൽ.ടി.സികൾ വഴി കൊവിഡ് രോഗികൾക്ക് സൗജന്യമായും സന്നദ്ധ സംഘടനകൾ വഴി നാട്ടുകാരിലെത്തിച്ചും ഒക്കെയാണ് അന്ന് വിറ്റഴിച്ചത്. വില കിലോയ്ക്ക് 15 - 20 വരെയായി താഴ്ന്നതായിരുന്നു കാരണം. ഇതോടെ പലരും കൃഷി ഉപേക്ഷിച്ചത് ഉത്പാദനത്തെ ബാധിക്കുകയും വിപണിയിൽ ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്തതോടെ വില പിടിവിടുകയായിരുന്നു. പോയ വർഷങ്ങളിൽ വൻനഷ്ടം വന്നതിനാൽ കപ്പ കർഷകർ വ്യാപകമായി കൃഷിയിൽ നിന്നും പിൻവാങ്ങിയിരുന്നു.

അനുകൂലമായത്

പലരും കൃഷി​ ഉപേക്ഷി​ച്ചത് ഉത്പാദനം കുറച്ചു

ഇതോടെ കപ്പയുടെ ഡി​മാൻഡ് ഉയർന്നു

.....................................................

കപ്പത്തണ്ടി​നും

ക്ഷാമം

വില കുതിച്ചുയർന്നതോടെ അടുത്ത വിളവിറക്കാൻ നിരവധി പേർ രംഗത്തെത്തിയത് കപ്പ തണ്ടിനും ക്ഷാമമുണ്ടാക്കി. തണ്ടുവില പത്ത് രൂപയായി. മൂപ്പെത്തിയ ഒരു കപ്പചുവട്ടിൽ നിന്നും മൂന്നോ നാലോ തണ്ട് ലഭിക്കും. ഒരു തണ്ടിൽ നിന്നും എട്ട് ചുവട് വരെ നടാം. കൃഷി ചെലവ് കുറവുള്ളതാണ് കപ്പകൃഷിയിലേക്ക് തിരിയുന്നതിന്റെ മുഖ്യ കാരണം.

...............................................

കാലാവസ്ഥാ വ്യതിയാനം കാരണം ഇടക്കിടെ വരുന്ന കനത്ത മഴ കൃഷിക്ക് തിരിച്ചടിയാണ്.തോട്ടത്തിൽ വെള്ളം കെട്ടി നിന്നാൽ ചുവട് ചീയും അത്തരത്തിൽ വ്യാപകമായ നഷ്ടം സംഭവിച്ചു. ഇതോടെ കഴിഞ്ഞ സീസണിൽ കൃഷി ഉപേക്ഷിച്ചു. ഈ സീസണിൽ വില വീണ്ടും കൂടി, അടുത്ത സീസണിൽ കൃഷിയിറക്കണം.

കെ.കെ. നാരായണൻ, കർഷകൻ, വെങ്ങോല