
കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനി വെബ്സൈറ്റിൽ പരസ്യം നൽകിയതിനെക്കുറിച്ച് അന്വേഷണം നടത്തി തിങ്കളാഴ്‌ച റിപ്പോർട്ടു സമർപ്പിക്കാൻ ഹൈക്കോടതി പത്തനംതിട്ട ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. എൻഹാൻസ് ഏവിയേഷൻ സർവീസസിന്റെ നീക്കത്തിൽ പൊട്ടിത്തെറിച്ച ഡിവിഷൻ ബെഞ്ച്, പ്രത്യേക സുരക്ഷാ മേഖലയായ ശബരിമലയിലേക്ക് സർവീസ് നടത്താൻ ആരാണ് അനുമതി നൽകിയതെന്ന് കമ്പനിയുടെ അഭിഭാഷകനോട് ആരാഞ്ഞു. ഹെലി കേരള എന്ന വെബ്സൈറ്റിലുള്ള പരസ്യം നീക്കംചെയ്യാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു. കമ്പനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി.
നിലയ്ക്കലിലേക്ക് ഹെലികോപ്‌ടർ സർവീസിന് അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് വെർച്വൽ ക്യൂ പ്ളാറ്റ് ഫോമിലും ഏവിയേഷൻ കമ്പനി അവരുടെ വെബ്സൈറ്റിലും വ്യക്തമാക്കണം.
ഇന്നലെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ദേവസ്വം ബെഞ്ച് ഹർജി പരിഗണിച്ചത്. ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കക്ഷി ചേർത്തു.