 
കോലഞ്ചേരി: ബമ്പർ ഭാഗ്യങ്ങൾ ഒന്നിനു പിറകെ ഒന്നായെത്തിക്കുന്ന ഭാഗ്യക്കുറി വില്പനക്കാരി സ്മിജ വിറ്റ കാരുണ്യ ടിക്കറ്റിന് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ. ഇന്നലെയായിരുന്നു നറുക്കെടുപ്പ്. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല.
രണ്ട് വർഷം മുമ്പ് ആറുകോടി രൂപയടിച്ച സമ്മർ ബമ്പർ ടിക്കറ്റ്, നറുക്കെടുപ്പിനു ശേഷം വാക്കുപാലിച്ച് ഉടമയ്ക്ക് നൽകിയാണ് പട്ടിമറ്റം സ്വദേശി സ്മിജ താരമായത്. സ്മിജയുടെ ടിക്കറ്റിനെ തേടി വീണ്ടും ഭാഗ്യമെത്തിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. അന്ന് സമ്മർ ബമ്പർ രണ്ടാം സമ്മാനമായ 25 ലക്ഷം ചെന്നൈയിൽ താമസിക്കുന്ന സുബ്ബറാവു പദ്മത്തിന് ലഭിച്ചു. സ്മിജയുടെ പക്കലായിരുന്ന അന്നും ടിക്കറ്റ്. സമ്മാനം നേടി രണ്ടാം ദിവസമാണ് ടിക്കറ്റ് കൈമാറിയത്.
ഇക്കുറി കെ.ജി 427588 ടിക്കറ്റിനാണ് കാരുണ്യ രണ്ടാം സമ്മാനം. രാജഗിരി ആശുപത്രിക്കടുത്തുള്ള സ്മിജയുടെ കടയിൽ നിന്ന് ആരോ നേരിട്ട് വാങ്ങിയ ടിക്കറ്റാണിത്.
ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരിയായ സ്മിജ ഒരു മാസം മുമ്പ് വിറ്റ വിൻവിൻ ടിക്കറ്റിന് ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു.
സ്മിജയും ഭർത്താവ് രാജേശ്വരനും ചേർന്ന് ആലുവ രാജഗിരി ആശുപത്രിക്കടുത്താണ് വഴിയരികിൽ ലോട്ടറിക്കട നടത്തുന്നത്. ജഗത്തും ലുഖൈദുമാണ് മക്കൾ.