hostel
എറണാകുളം ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ

നാളുകളായി അവകാശങ്ങൾ നിഷേധിക്കുന്നെന്ന് കുട്ടികൾ

കൊച്ചി: സംസ്ഥാന ഹോക്കി താരവും സെന്റ് ആൽബർട്‌സ് കോളജ് വിദ്യാർഥിയുമായ കെ.പി. അഭിജിത്തിനെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ സംഭവത്തിനു പിന്നാലെ ഹോസ്റ്റൽ നടത്തിപ്പിനെതിരെയും അധികൃതർക്കെതിരെയും പരാതികളുടെ നീണ്ടനിരയുമായി വിദ്യാർത്ഥികൾ. ഹോസ്റ്റലിൽ നിലവിൽ താമസിക്കുന്ന അഭിജിത്തിനൊപ്പമുള്ള 14വിദ്യാർത്ഥികളും ഒറ്റക്കെട്ടായാണ് പരാതികളുന്നയിക്കുന്നത്.

വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ അധികൃതർ തയാറാകുന്നില്ലെന്നും അഭിജിത്തിനെതിരെയുള്ളത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഹോസ്റ്റലിലെ സ്റ്റുഡന്റ് കമ്മിറ്റി അംഗങ്ങളായ വിദ്യാർത്ഥികൾ കേരളകൗമുദിയോട് പറഞ്ഞു.

വിദ്യാർത്ഥികൾ പറയുന്നത്
വിദ്യാർത്ഥികൾക്കിടയിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിന് അഭിജിത്തിനെ ചാരനാക്കി നിർത്തുകയായിരുന്നു ഹോസ്റ്റൽ വാർഡൻ സുഭാഷ് ആദ്യം മുതൽ ചെയ്തിരുന്നത്. പിന്നീട് പലകാര്യങ്ങളും അഭിജിത്ത് ചോദ്യം ചെയ്ത് തുടങ്ങിയതോടെ വാർഡനും അഭിജിത്തും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. ഇതിനു പിന്നാലെ കോളേജിലെ ഹാജർ പ്രശ്‌നവും വന്നതോടെയാണ് അഭിജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് വിദ്യാർത്ഥി പ്രതിഷേധത്തെത്തുടർന്ന് വാർഡനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുക്കുന്നുവെന്ന് ജില്ലാ ഓഫീസർ അറിയിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ചത്തെ സംഭവങ്ങൾ നടന്നത്.

അഭിജിത്തിനോടും പിന്തുണച്ച വിദ്യാർത്ഥികളോടും ജില്ലാ വികസന ഓഫറീസറുടെ ഡ്രൈവർ ഷാജി ആക്രോശിക്കുകയും അഭിജിത്തിനെ വാഹനമിടിച്ച് വീഴ്ത്തുകയുമാണുണ്ടായത്. രണ്ടാം വർഷം ബി വോക് ജേർണലിസം വിദ്യാർത്ഥിയായ അഭിജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയാറായില്ല. പിന്നീട് ജനങ്ങളുടെ പ്രതിഷേധമുണ്ടായപ്പോഴാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ഇടത് കാലിനും തലയ്ക്കും പരിക്കേറ്റ അഭിജിത്തിനെ ആശുത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ചും ഡ്രൈവർ കയർത്തു. മുൻപ് പലപ്പോഴും ഇയാൾ വിദ്യാർത്ഥികളോട് കയർത്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.

അതിനിടെ, എന്തിനാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്ന് അറിയില്ലെന്നും പ്രശ്‌നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നത് വിദ്യാർത്ഥികളാണെന്നും വാർഡൻ സുഭാഷും പറഞ്ഞു.

സൗകര്യങ്ങൾ നിഷേധിക്കുന്നു
ഹോസ്റ്റലിലെ ലൈബ്രറയിൽ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ല, കുട്ടികൾക്ക് ബെഡ്ഡ് നൽകിയിട്ടില്ല, ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് പുറത്തു നിന്നുള്ള മാലിന്യ നിക്ഷേപം, തുടങ്ങിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കൊന്നും ഇതുവരെ തീർപ്പ് കൽപിച്ചിട്ടില്ല. മെനുവിലുള്ള ഭക്ഷമല്ല മെസിൽ ലഭിക്കുന്നതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.

അഡ്മിറ്റ് ചെയ്യാത്തതിൽ ദുരൂഹത; മന്ത്രിക്ക് പരാതി
പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച അഭിജിത്തിനെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും ബാഹ്യ ഇടപെടലുകൾ സംശയിക്കുന്നുവെന്നും കുട്ടികൾ പറഞ്ഞു.

സംഭവങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിക്കും, പട്ടികജാതി കമ്മീഷനും, ഡയക്ടററേറ്റിനും, കളക്ടർക്കും പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

ആകെ 51സീറ്റ്
51 സീറ്റുകൾ ഉള്ള ഹോസ്റ്റലിൽ 15പേരെ മാത്രമാണ് കഴിഞ്ഞ തവണ ഉൾപ്പെടുത്തിയത്. ജൂണിലാണ് അഡ്മിഷൻ നടക്കേണ്ടത്. 2022-23ലെ അഡ്മിഷൻ ഇതുവരെ നടന്നിട്ടില്ല.

തെറ്റ് വിദ്യാർത്ഥിയുടേതെന്ന്
വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ തെറ്റ് അഭിജിത്തിന്റരെ ഭാഗത്താണെന്ന് ഹോസ്റ്റലിന്റെ റെസിഡന്റ് ട്യൂട്ടർ എ.കെ. ജെയിംസ് പറഞ്ഞു. അഭിജിത്തിന്റെ ശരീരരത്തിൽ നേരിട്ട് വണ്ടി ഇടിച്ചിട്ടില്ല. വിദ്യാർത്ഥികളാണ് പ്രകോപനമുണ്ടായത്.