മൂവാറ്റുപുഴ: ഉപജില്ലാ കലോത്സവനഗരിയിലെ ഹെഡ്മാസ്റ്റർമാരുടെ തട്ടുകട സൂപ്പർ ഹിറ്റാകുന്നു. ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, സെന്റ് ജോസഫ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ഹെഡ്മാസ്റ്റർമാരുടെ തട്ടുകട.
അരിക്കുഴ എസ്.എസ്.എൽ.പി.എസ്, തോട്ടക്കര എസ്.ജി.യു.പി.എസ്, പെരിങ്ങഴ എസ്.ജെ.യു.പി.എസ്, മേമടങ്ങ് എസ്.എസ്.എച്ച്.എസ്, ആരക്കുഴ എസ്.ജെ.എൽ.പി.എസ് സ്കൂളുകൾ ഒത്തുചേർന്നാണ് കടതുടങ്ങിയത്. സ്കൂളിലെ അടുക്കളത്തോട്ട നിർമാണത്തിനും മറ്റ് ആവശ്യങ്ങൾക്കും ഫണ്ട് കണ്ടെത്തുന്നതിനായിട്ടാണ് ഹെഡ്മാസ്റ്റർമാർ കച്ചവടക്കാരുടെവേഷം അണിഞ്ഞത്.
ഇന്നലെ വരെ ക്ലാസ് മുറികളിൽ സയൻസും കണക്കും പഠിപ്പിച്ച അദ്ധ്യാപകർ സോഡാ നാരങ്ങാവെള്ളവും ഐസ് ക്രീമും വിൽക്കുന്നത് കണ്ടപ്പോൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അതിശയം. ആദ്യദിനത്തിൽ തന്നെ അദ്ധ്യാപകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് സാധനങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് വിറ്റുതീർന്നു. പിന്നീട് സാധനങ്ങൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായി. കുറച്ചു പേർ അടുത്ത് താമസിക്കുന്ന അദ്ധ്യാപകന്റെ വീട്ടിലേക്ക് പാഞ്ഞു, ചൂടൻ കൊഴുക്കട്ടയുമായി മടങ്ങിയെത്തി. മറ്റ് വഴിക്കു പോയവർ കൂടി മടങ്ങിവന്നതോടെ കടകൾ ഫുൾ. ചിക്കൻ ബിരിയാണി, ഉഴുന്നുവട,അട, നാരങ്ങാവെള്ളം, ചായ, ഐസ്ക്രീം തുടങ്ങി ഒട്ടേറെ വിഭവങ്ങളുമായി കച്ചവടം പൊടിപൊടിക്കുമ്പോൾ പ്രധാന അദ്ധ്യാപകരായ സീമ ജോസ്, ഷൈനി ഒലിയപ്പുറം, ടോംസി ജോർജ്, മിനി എന്നിവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു.