ksrtc-bus

കൊച്ചി: ശബരിമല തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. വാഹനങ്ങൾ വലിയ തോതിൽ അലങ്കരിക്കുന്നതു വിലക്കണമെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ചിറയിൻകീഴ് ഡിപ്പോയിൽ നിന്നും തീർത്ഥാടകരുമായി ശബരിമലയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് പൂക്കളും മാലകളുമുപയോഗിച്ച് വലിയതോതിൽ അലങ്കരിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇടപെടൽ. പത്തനംതിട്ട ളാഹയിൽ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തെ പരിഗണിച്ചാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഡവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഡിപ്പോയിലെ ആദ്യ സർവീസായതിനാലാണ് അലങ്കരിച്ചതെന്ന് അഭിഭാഷകൻ വിശദീകരിച്ചു.എന്നാലിത് അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി വിശദീകരണം തേടി. തീർത്ഥാടകരുടെ വാഹനങ്ങൾ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി റോഡ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം. ഇത്തവണ ശബരിമല തീർത്ഥാടനം മൂന്നു ദിവസം പിന്നിട്ടപ്പോൾ തന്നെ രണ്ട് അപകടങ്ങൾ ഉണ്ടായെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.