 
മൂവാറ്റുപുഴ: ജോലിമാറ്റം ലഭിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന അദ്ധ്യാപകന് സ്നേഹോഷ്മള യാത്രഅയപ്പ് ഒരുക്കി നാട്ടുകാരും വിദ്യാർത്ഥികളും. മുളവൂർ ഗവ.യു.പി സ്‌കൂളിൽ അറബി അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുവന്ന മുഹമ്മദ് അബ്ദുൽ ഹസീബിനാണ് ജീവിതത്തിൽ മറക്കാനാവാത്ത യാത്രഅയപ്പ് ലഭിച്ചത്. മുളവൂർ സ്കൂളിനൊപ്പം ഏതാനും മാസങ്ങളായി ചെറുവട്ടൂർ ഗവ.യു.പി സ്കൂളിലും അദ്ദേഹം സേവനും അനുഷ്ഠിച്ചിരുന്നു.
മലപ്പുറം സ്വദേശിയായ മുഹമ്മദ് അബ്ദുൽ ഹസീബ് 2019ലാണ് മുളവൂർ ഗവ.യു.പി സ്‌കൂളിൽ അറബി പഠിപ്പിക്കാനെത്തിയത്. സ്ഥലമാറ്റം വിവരം അറിഞ്ഞശേഷം ഒരാഴ്ചയിലധികമായി രക്ഷിതാക്കളും വിദ്യാർത്ഥികളും ഒറ്റയ്ക്കും സംഘമായും അദ്ദേഹത്തിന്റെ മുളവൂരിലെ വാടക വീട്ടിലെത്തിയിരുന്നു. ഗവ.യു.പി സ്കൂൾ പി.ടി.എ, മുളവൂർ ബദറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, എസ്.ടി.യു , പ്രവാസി ലീഗ്, വിവിധ രാഷ്ട്രിയ- സാമൂഹ്യ സംഘടനകൾ,സഹപ്രവർത്തകർ, പൗരപ്രമുഖർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്രഅയപ്പ് നൽകിയത്.