കാലടി: മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രം സത്യസായി ബാബയുടെ 97ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കാലടി ജനമൈത്രി പോലീസ് സ്‌റ്റേഷന് രണ്ട് ഇരിപ്പിടങ്ങൾ സമ്മാനിച്ചു. പരാതി കൊടുക്കാനും മൊഴികൊടുക്കാനുമെത്തുന്നവർക്ക് ഇരിക്കാൻ തുരുമ്പിച്ച കസേരയുടെ സ്ഥാനത്താണ് തടി ഉപയോഗിച്ചുള്ള രണ്ട് മനോഹരമായ സെറ്റികൾ സജ്ജമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, കാലടി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ ടി.ബി.ബിബിൻ, കെ.സതീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എം.ആർ.രഞ്ജിത്ത്, സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിൽ കാലടി സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ ഇരിപ്പിടങ്ങൾ കൈമാറി. സത്യസായി ബാബയുടെ 97ാം പിറന്നാൾ ദിനമായ 23ന് രാവിലെ 11 മണിക്ക് കാലടി ഗ്രാമപഞ്ചായത്തിലെ 5 മുതൽ 12 വരെയുള്ള വാർഡുകളിലെ അതിദരിദ്ര ലിസ്റ്റിൽ പേരുള്ള 97 പേർക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങൾ നൽകും. വൈകിട്ട് 5 മണി മുതൽ കനകധാരാജപം, ഭജന, മംഗള ആരതി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ പി.എൻ.ശ്രീനിവാസൻ അറിയിച്ചു.