കോതമംഗലം: കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ആദിവാസി വിഭാഗത്തിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിന് പി. എസ്.സിയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള കായികക്ഷമതാ പരീക്ഷ പരിശീലന പരിപാടിക്ക് തുടക്കം. കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന പരിപാടി ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ എം.എൽ.എ അഭിനന്ദിച്ചു.

കായികാദ്ധ്യാപകൻ സി.ആർ.മധുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ആദിവാസി ഊരുകളായ വാരിയം,തേര, പൊങ്ങിൻചുവട്, താളും കണ്ടും, കുഞ്ചിപ്പാറ, തലവച്ചപ്പാറ, മേട്നാപ്പാറ, ഉറിയംപെട്ടി, പന്തപ്ര, വെള്ളാരംകുത്ത്, പിണവൂർകുടി ഇടുക്കി ജില്ലയിലെ ഊരുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് 60 ഉദ്യോഗാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. ചടങ്ങിൽ മാർ ബേസിൽ സ്കൂൾ കായികാദ്ധ്യാപിക ഷിബി, കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് സി.അരുൺ കുമാർ, സെക്രട്ടറി എം.ദിൽഷാദ് , ട്രഷറർ വി.ഐ.ജാഫർ, ജില്ലാ ഭാരവാഹികളായ വി.വി.വിനോദ് , പി.വി.അജയകുമാർ, പ്രശാന്ത് ജി. കൃഷ്ണൻ, കെ.വി.അരുൺ ജ്യോതി , രഞ്ജിത്ത് രാജ്, വി.ടി.അമൽ രാജ് തുടങ്ങിയവർ സംബന്ധിച്ചു. കായിക ക്ഷമത പരീക്ഷാ തീയതി വരെ പരിശീലന പരിപാടി തുടരുമെന്ന് കെ.എസ്.എസ്എ ജില്ലാ ഭാരവാഹികൾ പറഞ്ഞു.