anachal
ടവറുകളുടെ സപ്പോർട്ടിംഗ് ക്രോസ് ബാറുകൾ മോഷണം പോയ സ്ഥലത്ത് വിരലടയാള വിദഗ്ധരുടെ സംഘം പരിശോധന നടത്തുന്നു

പറവൂർ: ആനച്ചാൽ തണ്ണീർത്തട ഭൂമിയിലെ 110 കെവി ഡബിൾ സർട്ട് ഹൈ എക്സ്റ്റൻഷൻ വൈദ്യുതി ടവർ ലൈനുകളുടെ സപ്പോർട്ടിംഗ് ക്രോസ് ബാറുകൾ അനധികൃതമായി അഴിച്ചു മാറ്റുകയും ടവറുകൾക്ക് താഴെ മണ്ണടിച്ച് നികത്തുകയും ചെയ്ത സംഭവത്തിൽ കെ.എസ്.ഇ.ബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

102 ക്രോസ് ബാറുകൾ നഷ്ടപ്പെട്ട ഇനത്തിൽ മൂന്ന് ലക്ഷം രൂപയും അനധികൃത നിർമാണ പ്രവർത്തനം നടത്തിയത് കാരണം അഞ്ച് ലക്ഷം രൂപയുമാണ് നഷ്ടം കണക്കാക്കിയത്. ഒരാഴ്ച മുമ്പാണ് ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടവറുകളിലെ 102 ക്രോസ് ബാറുകൾ ഭൂമാഫിയ അഴിച്ചു മാറ്റിയത്. ടവറുകളുടെ അടിയിൽ വൻതോതിൽ മണ്ണടിച്ചത് മൂലം ആറര മീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് വേണ്ടിടത്ത് നാല് മീറ്റർ മാത്രമാണുള്ളത്. എല്ലാ ടവറുകളിലും കെ.എസ്.ഇ.ബി അധികൃതർ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും പലതും കീറിമാറ്റിയ അവസ്ഥയിലാണ്. മുന്നറിയിപ്പ് ലംഘിച്ച് കഴിഞ്ഞ രണ്ടുദിവസമായി തണ്ണീർത്തടം നികത്താൻ മണ്ണുമായി വലിയ വാഹനങ്ങൾ ടവറിന് അടിയിലൂടെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ കെ.എസ്.ഇ.ബി അധികൃതർ വീണ്ടും പറവൂർ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പറവൂർ പൊലീസ് ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പറവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ലെന്നും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കാട്ടി ആലുവ എസ്.പിക്ക് പരാതി നൽകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ടവറുകളുടെ സപ്പോർട്ടിംഗ് ക്രോസ് ബാറുകൾ മോഷണം പോയ സംഭവത്തിൽ വിരലടയാള വിദഗ്ധരുടെ സംഘം ഇന്നലെ ആനച്ചാലിൽ പരിശോധന നടത്തി.