snmhss-moothakunnam
മൂത്തകുന്നം ശ്രീനാരായണമംഗലം സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു. ബിബിൻ സി. ബോസ്, പി.ആർ. ഷൈജൻ, കെ.ജി. പ്രദീപ്, ഹരി വിജയൻ, ഡി. സുനിൽകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി. ഇ.പി. സന്തോഷ്, ടി.ആർ. ബോസ്. ഫാ. ഷിജു കല്ലറയ്ക്കൽ

പറവൂർ: വിദ്യ മനുഷ്യനെ സ്വതന്ത്രമാക്കുമെന്ന് ആദ്യം പറഞ്ഞത് ശ്രീനാരായണഗുരുവാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മൂത്തകുന്നം ശ്രീനാരായണമംഗലം സ്കൂളിന്റെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമാണ് മനുഷ്യസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സാമൂഹ്യ പ്രവർത്തനമെന്ന് പഠിപ്പിച്ച പൗലോ ഫ്രെയർ ജനിക്കുന്നതിന് മുമ്പേ വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ശ്രീനാരായണഗുരു സമൂഹത്തോട് ഉദ്ബോധിപ്പിച്ചു. സമൂഹ പുരോഗതിയിൽ വിദ്യാഭ്യാസത്തിന് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞുവെന്നതാണ് ഗുരുദേവനെ വ്യത്യസ്തനാക്കുന്നത്. മൂത്തകുന്നത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിൽ ഹിന്ദുമത ധർമ്മപരിപാലന സഭ വഹിച്ച പങ്ക് മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ, ഹോളിക്രോസ് ചർച്ച് വികാരി ഫാ.ഷിജു കല്ലറയ്ക്കൽ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്.അനിൽകുമാർ, പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ.ബോസ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.ആർ.ഷൈജൻ, പ്രിൻസിപ്പൽ പി.എസ്. ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി.ശ്രീകല, സ്കൂൾ മാനേജർ കെ.ജി. പ്രദീപ്, പി.ടി.എ പ്രസിഡന്റ് ബിബിൻ സി.ബോസ്, സ്കൂൾ ലീഡർ കെ.എസ്.സാത്മിക എന്നിവർ സംസാരിച്ചു.