t
തമ്മനം- പുല്ലേപ്പടി റോഡ്

കൊച്ചി: തമ്മനം- പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മുഴുവൻ കൈയേറ്റങ്ങളും ഡിസംബർ 10നകം ഒഴിപ്പിക്കും. ഇന്നലെ റോഡ് വികനത്തിനുള്ള പ്രാഥമിക നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

എറണാകുളം, എളംകുളം, പൂണിത്തുറ എന്നീ വില്ലേജുകളിലെ 84 ഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയ 163.11 ആർ ഭൂമിയും കൊച്ചി നഗരസഭ 45 ഭൂവുടമകളിൽ നിന്നും പണംകൊടുത്ത് ഏറ്റെടുത്ത 54.79 ആർ ഭൂമിയും ഉൾപ്പെടെ ആകെ 217.90ആർ ഭൂമിയിലെ കൈയ്യേറ്റങ്ങളാണ് നഗരസഭ ഒഴിപ്പിക്കുക. .

നിർദ്ദിഷ്ട റോഡിന്റെ അലൈൻമെന്റ് പ്രകാരമുളള ബാഹ്യ അതിരുകൾ നിർണയിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ നടക്കും. രണ്ട് മാസത്തിനകം ഈ പ്രവൃത്തി പൂർത്തിയാക്കും. അതിരുകൾ നിർണയിക്കുന്ന മുറയ്ക്ക് തന്നെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുളള സാങ്കേതിക നടപടി ക്രമങ്ങളും പൂർത്തിയാക്കും.

മേയർ എം. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ല കളക്ടർ ഡോ. രേണുരാജ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ഡെപ്യൂട്ടി കളക്ടർ (എൽ.എ.) സുനിലാൽ പി.ബി, നഗരസഭ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ, കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദുപരമേഷ്, തഹസദിൽദാർമാർ, വില്ലേജ് ഓഫീസർമാർ, സർവ്വെ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ, കെ.ആർ.എഫ്.ബി. എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

വികസനം നടന്നാൽ

ഇടപ്പള്ളി-പാലാരിവട്ടം-കലൂർ-കച്ചേരിപ്പടി-എം.ജി? റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് വഴിയുള്ള ഗതാഗത കുരുക്കിൽ പെടാതെ നഗരത്തിലേക്കും തിരിച്ചും യാത്രാ സൗകര്യം. ആറ് ഘട്ടങ്ങളിലായി പലയിടത്തും വികസന പ്രവർത്തനങ്ങൾ നടന്നു.

നീളം- 2.200കി.മീ
നിലവിലെ വീതി- 12 മീറ്റർ
നിർദിഷ്ട വീതി- 48മീറ്റർ
തുടക്കം- പുല്ലേപ്പടി (പത്മ)
അവസാനം- ചളിക്കവട്ടം ബൈപ്പാസ്