
തൃക്കാക്കര: കാന നിർമ്മാണത്തിനിടെ വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9ന് ചെമ്പ്മുക്ക് പാറേക്കാട്ട് ടെമ്പിൾ റോഡിൽ കാനപണിക്കിടെയാണ് സമീപത്തെ വീടിന്റെ ചുറ്റുമതിലിടിഞ്ഞത്.
ബംഗാൾ സ്വദേശികളായ മുക്‌ലേഷ് റഹ്മാൻ (29), നൂറുൽ ഇസ്ലാം (28), രഞ്ജിത്ത് കുമാർ (34) എന്നിവരെയാണ് പരിക്കുകളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് പരിക്കേറ്റ മുക്‌ലേഷ് റഹ്മാൻ തീവ്രപരിചരണ വിഭാഗത്തിലാണ്. വലിയ ശബ്ദംകേട്ട് ഓടിവന്ന തൊട്ടടുത്ത കെട്ടിടത്തിലെ നിർമ്മാണ തൊഴിലാളികളാണ് കാനയ്ക്കുള്ളിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.