മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം സർഗസംഗമം-2022ൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻ എച്ച്.എസ്.എസിന് ഔവറോൾ ചാമ്പ്യൻഷിപ്പ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സ്‌കൂളും ഹൈസ്‌കൂൾ വിഭാഗത്തിലും യു.പി.വിഭാഗത്തിലും സെന്റ് അഗസ്റ്റ്യൻ ഹയർസെക്കൻഡറി സ്‌കൂളും എൽ.പി.വിഭാഗത്തിൽ ആരക്കുഴ സെന്റ് ജോസഫ് എൽ.പി.സ്‌കൂളും ജേതാക്കളായി. സംസ്‌കൃതതോത്സവത്തിൽ വിവേകാനന്ദ വിദ്യാലയവും അറബിക് കലോത്സവത്തിൽ മൂവാറ്റുപുഴ എം.ഐ.ഇ.ടി.എച്ച്.എസും കിരീടം ചൂടി. മൂന്ന് ദിവസങ്ങളിലായി ആരക്കുഴ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, ആരക്കുഴ സെന്റ് ജോസഫ് ഹൈസ്‌കൂൾ, ആരക്കുഴ സെന്റ് ജോസഫ് എൽ.പി സ്‌കൂളുകളിലാണ് മത്സരം നടന്നത്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി മാത്യു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹൻ സമ്മാന വിതരണം നിർവഹിച്ചു.

--