1

മട്ടാഞ്ചേരി: പനയപിള്ളി ജി സിനിമാസിൽ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ നാലുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി അജ്മൽ ഫൈസൽ (23), മരക്കടവ് സ്വദേശി റിൻഷാദ് (21), ഈരവേലി സ്വദേശി മുഹമ്മദ് അശ്വിൻ (21), പനയപിള്ളി സ്വദേശി റിംനാസ് (21)എന്നിവരെയാണ് എസ്.ഐ എ.ആർ.രൂപേഷിന്റെ നേതൃത്വത്തിൽ പിടിച്ചത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തിയേറ്ററിൽ ബഹളമുണ്ടാക്കിയത് ജീവനക്കാരും സിനിമ കാണാനെത്തിയവരും ചോദ്യംചെയ്തതിനെ തുടർന്ന് ഇവർ അക്രമം നടത്തുകയും ഇത് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയിലാണ്. എസ്.ഐമാരായ അലക്സ്, അൻവാസ്, എസ്.സി.പി.ഒമാരായ എഡ്‌വിൻ റോസ്, ശ്രീജിത്ത്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.