ആലുവ: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് സമയോചിതമായ ഇടപെടലിലൂടെ കൊക്കയിൽ വീഴാതെ രക്ഷപ്പെടുത്തിയ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ പി.ആർ. സ്മിതോഷ് എടയപ്പുറത്തിന്റെ അഭിമാനമായി. എടയപ്പുറം പുത്തൻപുരക്കൽ വീട്ടിൽ പരേതനായ രാജന്റെയും ശാന്തയുടെയും മകനാണ് സ്മിതോഷ് (42). വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നാല്പതോളം അയ്യപ്പർ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് എരുമേലി - പമ്പ റോഡിൽ കണ്ണമല ഭാഗത്ത് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടപ്പോഴാണ് തൊട്ടു മുന്നിൽ സ്മിതോഷ് ഓടിച്ച ബസ് രക്ഷയായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിപ്പിച്ച് നിറുത്താൻ സ്മിതോഷ് അവസരം ഒരുക്കി. 300 അടിയോളം ആഴമുള്ള കൊക്കയായിരുന്നു റോഡിന്റെ ഒരു ഭാഗത്ത്.
പിന്നിലുള്ള ബസ് നിയന്ത്രണം നഷ്ടമായ രീതിയിൽ വരുന്നതും ഭക്തരുടെ കൂട്ടക്കരച്ചിൽ കേട്ടതുമാണ് ബ്രേക്ക് നഷ്ടമായതാണെന്ന് മനസിലാക്കാൻ സ്മിതോഷിനെ സഹായിച്ചത്.
സ്മിതോഷിലൂടെ അയ്യപ്പ സ്വാമിയെ കണ്ടെന്നാണ് രക്ഷപ്പെട്ട തീർത്ഥാടക സംഘത്തിൽ ഉണ്ടായിരുന്നവർ പ്രതികരിച്ചത്. അയ്യപ്പഭക്തരും സ്വകാര്യ ബസ്സിലെ ഡ്രൈവറും സന്തോഷം കൊണ്ട് സ്മിതോഷിനെ കെട്ടിപ്പിടിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്മിതോഷ് മാത്രമല്ല, കെ.എസ്.ആർ.ടി.സിയും താരമായി.
എടയപ്പുറത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായ സ്മിതോഷ് 12 വർഷമായി ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറാണ്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലുവ യൂണിറ്റ് പ്രസിഡന്റുമാണ്.
തീർത്ഥാടക സംഘത്തെ രക്ഷപ്പെടുത്താൽ കഴിഞ്ഞത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണെന്ന് സ്മിതോഷ് കേരളകൗമുദിയോട് പറഞ്ഞു. ചിഞ്ചുവാണ് സ്മിതോഷിന്റെ ഭാര്യ. മക്കൾ: നിരഞ്ജൻ, ദേവനന്ദ.
കൊല്ലം ഓച്ചിറ മാതിലപ്പള്ളിൽ രാജീവ് ആയിരുന്നു ബസിലെ കണ്ടക്ടർ. നാല് വർഷം മുമ്പ് വർഷം മുമ്പ് സർവീസിൽ കയറിയ രാജീവ് വ്യാഴാഴ്ചയാണ് ശബരിമല സ്പെഷ്യൽ ഡ്യൂട്ടി തുടങ്ങിയത്.