ആലുവ: ഖത്തർ വേൾഡ് കപ്പ് ഫുട്‌ബാൾ ടൂർണമെന്റിന് വിളംബരം കുറിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫീവർ ഫുട്‌ബോൾ ടൂർണമെന്റിൽ കോൺഗ്രസ് ജനപ്രതിനിധികളെ വീഴ്ത്തി ഡി.സി.സി ടീം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എം.എൽ.എമാർ ഉൾപ്പെടെയുള്ള ടീമിനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച ടീം പരാജയപ്പെടുത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ഡി നയിച്ച ജനപ്രതിനിനിധികളുടെ ടീമും മുഹമ്മദ് ഷിയാസ് നയിച്ച ഡി.സി.സി ടീമുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത്. ജനപ്രതിനിധി ടീമിൽ എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, ടോണി ചമ്മിണി, ദീപക് ജോയ്, ടി.ജി. സുനിൽ, എം.ജെ. ജോമി എന്നിവർ അണിനിരന്നു. ഡി.സി.സി ടീമിൽ അജിത്ത് അമീർ ബാവ, പി.എസ്. സുധീർ, ബാബു പുത്തനങ്ങാടി, പ്രദീപ് കുമാർ, ഷൈൻ, സുജിത്ത് പോൾ, സജീവൻ, ലത്തീഫ് എന്നിവർ അണിനിരന്നു.

ബെന്നി ബഹനാൻ എം.പി, എം.ഒ. ജോൺ, കെ.പി. ധനപാലൻ എന്നിവർ താരങ്ങളെ പരിചയപ്പെട്ടു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിച്ച കെ.എസ്.യു ടീമും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നയിച്ച യൂത്ത് കോൺഗ്രസ് ടീമും ടൂർണമെൻറിൽ ഏറ്റുമുട്ടി. മഹിള കോൺഗ്രസിന്റെ ജനപ്രതിനിധികളടെ ടീം മഹിള കോൺഗ്രസിന്റെ ഭാരവാഹികളുടെ ടീമിനെ നേരിട്ടു.