കൊച്ചി: പനമ്പിള്ളി നഗറിൽ മൂന്നുവയസുകാരൻ വീണ് പരിക്കേറ്റ അഴുക്കുചാലിന് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കോർപ്പറേഷൻ അധികൃതർ 24 മണിക്കൂറിനകം കമ്പിവേലികെട്ടി. രണ്ടു വർഷത്തോളമായി അലക്ഷ്യമായി തുറന്നിട്ടിരുന്ന കാനയിലാണ് കഴിഞ്ഞദിവസം കുട്ടി വീണത്. സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ മാപ്പുപറഞ്ഞ സെക്രട്ടറി, തുറന്നുകിടക്കുന്ന കാനകൾ മൂടുകയോ കമ്പിവേലി സ്ഥാപിക്കുകയോ ചെയ്യുമെന്ന് ഉറപ്പും നൽകിയിരുന്നു. രണ്ട് ആഴ്ചത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. എന്നാൽ വിവാദമായ പനമ്പിള്ളി നഗറിൽ 24 മണിക്കൂറിനകം നടപടി സ്വീകരിച്ചു.