കളമശേരി: ആഗ്രഹങ്ങൾക്ക് അവധി കൊടുക്കേണ്ടതില്ലെന്നാണ് ഏലൂർ കരുണ വയോജന ക്ലബ് അംഗങ്ങളുടെ നിലപാട്. ഇന്നലെ രാവിലെ എട്ട് മണിക്ക് 100 പേരടങ്ങുന്ന സംഘം ഏലൂർ ഫെറിയിലെത്തി, സാഗര റാണിയിലേറി പുറങ്കടലിലേയ്ക്ക് യാത്ര ചെയ്യാൻ.
മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനും സ്നേഹ കൂട്ടായ്മയ്ക്കും വേണ്ടി 2015ൽ രൂപമെടുത്തതാണ് വയോജന ക്ലബ്ബ് .
നഗരസഭയിലെ 6, 29, 31 വാർഡുകളിലുള്ളവരാണ് ക്ലബ്ബ് അംഗങ്ങൾ.
സംഘടനയുടെ സെക്രട്ടറിയും 90 കാരനുമായ ടി.ജെ.ആന്റണിയാണ് കൂട്ടത്തിൽ സീനിയർ. യേശുദാസിന്റെ ഗാനമേള ട്രൂപ്പിലും പി.ജെ.ആന്റണിയുടെ നാടക സമിതിയിലും ഉൾപ്പടെ നിരവധി കലാസമിതികളിൽ വയലിൻ വായിച്ചിരുന്ന പോളിടെക്നിക് അദ്ധ്യാപകൻ കൂടിയായ സെബാസ്റ്റ്യൻ ലൂയീസാണ് മുഖ്യ സംഘാടകൻ. ലഘു നാടകങ്ങളുടെ രചയിതാവും സംവിധായകനും നടനും ഫാക്ടിലെ മുൻ ഉദ്യോഗസ്ഥനുമായ ജോയി വടശേരി, പ്രസിഡന്റ് വി.ഡി.പാപ്പച്ചൻ, ഭാരവാഹിയായ മേരി ജോസഫ് തുടങ്ങിയവരൊക്കെ നേതൃനിരയിലുണ്ട് .
വയോജന ക്ലബ്ബ് അംഗങ്ങൾ ഓരോരുത്തരും 700 രൂപ സ്വന്തംകയ്യിൽ നിന്ന് ചെലവാക്കിയാണ് ബോട്ട്, കപ്പൽ യാത്രകൾ നടത്തിയത്. യാത്രയുടെ ഭാഗമായി കപ്പലിൽ തന്നെ ഉച്ച ഭക്ഷണം ലഭിച്ചു. വാർഡ് കൗൺസിലർമാരായ കെ.ആർ.കൃഷ്ണപ്രസാദ്, സാജു വടശേരി, ധന്യഭദ്രൻ എന്നിവർ ചേർന്നാണ് കപ്പൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.