കൊച്ചി: വാട്ടർ മെട്രോ സർവീസിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. ആദ്യഘട്ടത്തിന് വേണ്ട ബോട്ടുകളും ടെർമിനലുകളും ജീവനക്കാരും മറ്റ് സംവിധാനങ്ങളും റെഡിയായിട്ട് മാസങ്ങളായി. സംസ്ഥാന സർക്കാരിന്റെ അനുമതി കാക്കുകയാണെന്നാണ് കെ.എം.ആർ.എൽ വിശദീകരണം. പ്രധാനമന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയാണത്രെ കാത്തിരിപ്പ്.
കൊച്ചി മെട്രോയുടെ അഭിമാന പദ്ധതിയാണ് വാട്ടർ മെട്രോ. 2019 ഡിസംബറിൽ സജ്ജമാകേണ്ടതായിരുന്നു പദ്ധതി. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങുമെന്നായിരുന്നു ഒടുവിൽ പറഞ്ഞത്. എന്നാൽ പലകാരണങ്ങളാൽ നീണ്ടുപോയി. നവംബർ 4,5,6 തിയതികളിൽ കൊച്ചിയിൽ കെ.എം.ആർ.എൽ ആതിഥേയത്വം വഹിച്ച അർബൻ മൊബിലിറ്റി ദേശീയ കോൺഫറൻസിനോടനുബന്ധിച്ച് ഉദ്ഘാടനത്തിന് ആലോചനയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല.
നാല് ടെർമിനലുകളും അഞ്ച് ബോട്ടുകളും ജീവനക്കാരും സർവീസിന് ഒരുങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആദ്യ സർവീസ് ഹൈക്കോർട്ട് - വൈപ്പിൻ റൂട്ടിലാണ്. ഈ റൂട്ടിൽ ട്രയൽ റൺ തുടരുകയാണ്. ആദ്യം പൂർത്തിയായ വൈറ്റില-കാക്കനാട്ട് റൂട്ടിൽ മാർച്ചിൽ തന്നെ ട്രയൽ റൺ കഴിഞ്ഞിരുന്നു. കാക്കനാട് ടെർമിനലിന്റെ പ്രധാനപ്രശ്നമായ സീപോർട്ട് റോഡിലേക്കുള്ള പാതയും നിർമ്മിച്ചു. രണ്ടാം ഘട്ടമായി വൈറ്റില - കാക്കനാട് സർവീസ് തുടങ്ങാനാണ് പദ്ധതി.
ബോട്ടുകൾ റെഡി
ആദ്യഘട്ടത്തിലെ അഞ്ച് ബോട്ടുകളും കൊച്ചിൻ ഷിപ്പ്യാർഡ് വാട്ടർ മെട്രോയ്ക്ക് കൈമാറിക്കഴിഞ്ഞു. ഒന്നൊഴികെ എല്ലാം ട്രയൽ റണ്ണും പൂർത്തിയാക്കി. രണ്ടാം ഘട്ടമായി ഒരുങ്ങുന്ന മൂന്ന് ബോട്ടുകൾ അടുത്തമാസം ലഭ്യമാകും. സർവീസ് ആരംഭിക്കാൻ മറ്റ് തടസങ്ങളൊന്നുമില്ല. 23 വലിയ ബോട്ടുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്.
ടെർമിനലുകൾ റെഡി
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പിൻ, ബോൾഗാട്ടി ടെർമിനലുകൾ സർവീസിന് തയ്യാറായിക്കഴിഞ്ഞു.
സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകൾ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. കായലിൽ പൊങ്ങിക്കിടക്കുന്ന പൊന്തൂൺ ജെട്ടികൾ ഘടിപ്പിക്കേണ്ട താമസമേയുള്ളൂ.
20 രൂപ
വാട്ടർ മെട്രോയുടെ നിരക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാകും. 76 കിലോമീറ്റർ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് വിഭാവനം ചെയ്യുന്നത്. 10 ദ്വീപുകളിലുൾപ്പടെ 38 ടെർമിനലുകളും നിർമ്മിക്കണം.