k
അശമന്നൂർ പഞ്ചായത്തിലെ തലപ്പുഞ്ചയിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത കെമിക്കൽ കമ്പനി.

കുറുപ്പംപടി: തലപ്പുഞ്ചയിൽ കെമിക്കൽ കമ്പനിക്കെതി​രെ ഭീമഹർജി​യുമായി​ പ്രദേശവാസികൾ.

അശമന്നൂർ ഗ്രാമപഞ്ചായത്ത് തലപ്പുഞ്ച വാർഡ് 12 ൽ ഉൾപ്പെട്ട ഉദയക്കവല - പുളിഞ്ചോട് പഞ്ചായത്തി​ൽ പ്രവർത്തി​ക്കുന്ന ചുവപ്പ് വകഭേദത്തിൽ വരുന്ന അനധികൃത രാസശാലയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം വ്യാപകമായി. അണ്ടിമറ്റം പ്രദേശത്താണ് അനധികൃതമായി ക്ലാമ്പ് ഗാൽവനൈസേഷൻ ശാല സ്ഥാപിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് നൽകിയിരിക്കുന്ന വർക് ഷോപ്പ് ലൈസൻസിന് വിരുദ്ധമായി ഹൈഡ്രോക്ലോറിക് ആസിഡ്, സിങ്ക് ക്ലോറൈഡ് എന്നിവ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് വൻതോതിൽ

ക്ലാമ്പ് ഗാൽവനൈസേഷൻ പ്രക്രിയ നടത്തിവരുന്നതെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കെമിക്കൽശാലയ്ക്ക് വേണ്ടി യാതൊരു വിധത്തിലുള്ള രാസ സംസ്കരണ സംവിധാനവും സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ വൻ തോതിൽ കെമിക്കലുകൾ സൂക്ഷിച്ചിരിക്കുന്നതായും മലിനീകരണ നിയന്ത്രണ വിഭാഗം, ആരോഗ്യ വകുപ്പ് എന്നിവയുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കെമിക്കൽ ശാലയിൽ നിന്നും പുറംതള്ളുന്ന കാപ്പിപ്പൊടി​ നിറത്തിൽ

രാസ ദ്രവ മാലിന്യങ്ങൾ സമീപത്തെ വയലിൽ തുറസായ സ്ഥലത്ത് കുഴിയെടുത്ത് നിക്ഷേപിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചു. ഇത് ഒഴുകിയെത്തുന്നത് അരികിലൂടെ ശുദ്ധജലം പ്രവഹിക്കുന്ന വലിയതോട്ടിലേക്കാണ്.

കെമിക്കൽ കമ്പനിയുടെ അരികിലൂടെ ഒഴുകി വരുന്ന വലിയ തോട് എത്തിച്ചേരുന്നത് തലപ്പുഞ്ചയിലെ പ്രധാന ജലസ്രോതസായ അമച്ചിറയിലാണ്. വലിയ തോട്ടിലൂടെ രാസമാലിന്യങ്ങൾ ഒഴുകിയെത്തി അമച്ചിറ ഒരു രാസജല സംഭരണിയാകുമെന്ന് പ്രദേശവാസികൾ പറയുന്നു.

നാട്ടുകാരുടെ പരാതി​കൾ

രാസമാലിന്യങ്ങളെത്തി​ തലപ്പുഞ്ച നിവാസികളുടെ കുടിവെള്ള കിണറുകൾ ഉപയോഗശൂന്യമാകുന്നു

അതിരൂക്ഷമായ ദുർഗന്ധം,കണ്ണിന് എരിച്ചിൽ എന്നി​വ ഉറക്കം കെടുത്തുന്നു

വളർത്തുമൃഗങ്ങൾ അസ്വസ്ഥത മൂലം അവശതയിലാകുന്നു

മീനുകൾ, തവളകൾ, മണ്ണിരകൾ എന്നിവ ചത്തുപൊങ്ങി തുടങ്ങി

അമച്ചിറ കുടി​വെള്ള സ്രോതസ് അപകടത്തി​ൽ

അമച്ചിറയുടെ സമീപവാസികളായ നൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ് ഈ ചിറയിലെ ജലമാണ്.

കുടിവെള്ളം കിട്ടാക്കനിയായി മാറുന്നതിനി​ടെയാണ് നിലവിലുള്ള കുടിവെള്ള സ്രോതസുകളിലേക്ക് പോലും കമ്പനിയിൽ നിന്നും രാസമാലിന്യം ഒഴുക്കി വിട്ടിരിക്കുന്നത്.

അശമന്നൂർ പഞ്ചായത്തിലെ തലപ്പുഞ്ചയിൽ നിന്നും ആരംഭിക്കുന്ന ഈ നീരൊഴുക്ക് 22 കിലോമീറ്റർ ദൂരം വിവിധ പഞ്ചായത്തുകളിലൂടെ ഒഴുകി പെരിയാറിൽ ചെന്നു ചേരും.

അശമന്നൂർ, രായമംഗലം, വേങ്ങൂർ, മുടക്കുഴ , കൂവപ്പടി പഞ്ചായത്തുകളിലെയും വായ്ക്കര, ചെറുകുന്നം, തുരുത്തി, മുടക്കുഴ , കുറിച്ചിലക്കോട്, പ്ലാങ്കുടി പ്രദേശത്തുള്ള ഒട്ടേറെ പാടശേഖരങ്ങൾക്കും ഒട്ടേറെ കുടുംബങ്ങളുടെ ശുദ്ധജല ലഭ്യതക്കും ഈ ജലപ്രവാഹമാണ് പ്രയോജനപ്പെടുന്നത്.കൂടാതെ തലപ്പുഞ്ച മഹാദേവ ക്ഷേത്രം വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രം വായ്ക്കര മാർ ബേസിൽ ചാപ്പൽ എന്നീ ആരാധനാലയങ്ങളുടെ ആശ്രയി​ക്കുന്നത് ഈ നീരൊഴുക്കിനെയാണ്.

..........................................

ലൈസൻസ് നിബന്ധനകൾ ലംഘിച്ച് പ്രവർത്തനം തുടരുന്ന അനധികൃത കെമിക്കൽ കമ്പനി അടച്ചുപൂട്ടി സീൽ ചെയ്യണം. നിലവിൽ നൽകിയിരിക്കുന്ന വർക് ഷോപ്പ് ലൈസൻസ് റദ്ദാക്കണം.

നാട്ടുകാർ