road
കല്ല പാലം ഡോൺ ബോസ്ക്കൊ റോഡ് ഉപരോധം ഷിജി ജിജി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: നഗരസഭയിലെ ഡോൺ ബോസ്ക്കോ പരിസരത്ത് വീട്ടമ്മമാർ റോഡ് ഉപരോധിച്ചു. രണ്ട് വർഷത്തോളമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കു മുൻപിൽ പരാതികൾ പറയുന്നു. കഴിഞ്ഞ വർഷം ഈ പ്രദേശത്തുള്ള യുവാക്കളുടെ സംഘടനയായ "കല്ലു പാലം ബോയ്സ്" വഴിയിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. കാൽനടയായും സൈക്കിളിലുമായി ഒട്ടേറെ വിദ്യാർത്ഥികളാണ് ഇത് വഴി കടന്ന് പോകുന്നത്. പ്രാദേശിക വാസികളുടെ പ്രക്ഷോഭത്തിനിറങ്ങാൻ തയ്യാറായ ഘട്ടത്തിൽ രണ്ട് മാസത്തിനകം റോഡ് മെയിന്റൻസും ടാറിങ്ങും നടത്തുമെന്ന് വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർ പേഴ്സനുമായ റീത്ത പോളും ആറാം വാർഡ് കൗൺസിലർ ബെന്നി മുഞ്ഞേലിയും ഉറപ്പു നൽകിയിരുന്നു. ദേശീയ പാതയിൽ ഗതാഗത തടസമുണ്ടാകുമ്പോൾ ഈ റോഡാണ് പ്രയോജനപ്പെടുത്തുന്നത്. അടിയന്തിരമായി റോഡിൻെറ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് റീ ടാറിംഗും നടത്തണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സി.ഡി.എസ് അംഗം ഷിജി ജിജി ആവശ്യപ്പെട്ടു. വള്ളിയമ്മ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജീഷ റെജി സ്വാഗതവും ഉഷാ രമേശൻ നന്ദിയും പറഞ്ഞു.