കൊച്ചി: 20 വർഷം കഴിഞ്ഞ് ഒരുലക്ഷം രൂപ നൽകുമെന്ന വാഗ്ദാനം പാലിക്കാത്ത സഹകരണ ബാങ്ക് 9 ശതമാനം പലിശസഹിതം ലക്ഷം രൂപയും 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

പെരുമ്പാവൂർ സ്വദേശി അനസൂയ ഷാജി മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്കിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരിയുടെ മുത്തച്ഛനായ മിത്രൻ 1999ലാണ് ബാങ്കിന്റെ മംഗല്യനിധി പദ്ധതിയിൽ ചേർന്നത്. 5,000 രൂപ നിക്ഷേപിച്ചാൽ 20 വർഷത്തിനുശേഷം ഒരുലക്ഷംരൂപ നൽകുമെന്നായിരുന്നു പദ്ധതിയിലെ വാഗ്ദാനം.

കാലാവധി കഴിഞ്ഞിട്ടും ലക്ഷംരൂപ ബാങ്ക് നൽകിയില്ലെന്നാണ് പരാതി. ബാങ്കിംഗ് മേഖലയിലെ പലിശനിരക്കിൽ ഗണ്യമായ വ്യത്യാസം വന്നതിനാൽ അഞ്ച് വർഷത്തിനുമേൽ കാലാവധിയുള്ള എല്ലാ നിക്ഷേപപദ്ധതികളും നിറുത്തിവയ്ക്കാൻ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ നിർദ്ദേശിച്ചു. ഭരണസമിതി നിക്ഷേപപദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും ബാങ്ക് ബോധിപ്പിച്ചു. ഇക്കാര്യം നിക്ഷേപകരെ രേഖാമൂലം അറിയിച്ചിരുന്നു.

രേഖാമൂലമുള്ള കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഇരുകക്ഷികളും ബാദ്ധ്യസ്ഥരാണെന്ന്' കമ്മിഷൻ വിലയിരുത്തി. ഇടപാടുകാർ നിക്ഷേപിക്കുന്ന തുക പിടിച്ചുവയ്ക്കാൻ ബാങ്കുകൾക്ക് അനിയന്ത്രിതമായ അധികാരം നിയമം നൽകുന്നില്ല. പദ്ധതി അവസാനിപ്പിക്കുന്നതായി സഹകാരിയെ അറിയിച്ചതിന് യാതൊരു തെളിവും ബാങ്ക് ഹാജരാക്കിയില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃകോടതി വ്യക്തമാക്കി. ഒരുലക്ഷം രൂപയും നഷ്ടപരിഹാരവും കോടതിച്ചെലവും 30 ദിവസത്തിനകം പരാതിക്കാരിക്ക് ബാങ്ക് നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.