1

മട്ടാഞ്ചേരി: ലോകകപ്പ് ഫുട്ബാൾ പൂരം അങ്ങ് ഖത്തറിലാണെങ്കിലും ആവേശത്തിന് കൊടിയേറിയത് ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമാണ്! കൊച്ചിയുടെ ഓരോ ഇഞ്ചും കാൽപ്പന്ത് കളിയുടെ ആരവത്തിലായി.

മട്ടാഞ്ചേരിയിലെ ഇടറോഡുകളിലും പറമ്പുകളിലും യുവാക്കളുടെ കൂട്ടായ്മയിൽ വിവിധ ടീമുകളുടെയും കളിക്കാരുടെയും കൂറ്റൻ ഫ്ളക്സുകൾ ഉയർന്നു. മട്ടാഞ്ചേരി മാളിയേക്കൽ പറമ്പിൽ ബിഗ് സ്ക്രീനുമുണ്ട്. കരിപ്പാലം മൈതാനത്ത് മെസ്സിയുടെ 35 അടി ഉയരമുള്ള കൂറ്റൻ കമാനം കാണാം.

ഫോർട്ട്കൊച്ചി സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിലും 30 അടി ഉയരത്തിൽ ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ വൈസ് ക്യാപ്‌ടനായിരുന്ന ടി.എ. ജാഫറടക്കം ടീമംഗങ്ങളിൽ നാലുപേർ ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് കളിച്ചുവളർന്നവരായിരുന്നു.