കുറുപ്പംപടി : പ്രബുദ്ധ കേരളത്തിൽ അരങ്ങേറിയ നരബലികൾ ഉൾപ്പെടെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നവോത്ഥാന കണ്ണികളായ ശ്രീനാരായണ സമൂഹത്തിനടക്കം മാനവരാശിക്ക് അപമാനമാണെന്ന് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളസമൂഹത്തിൽ നിന്ന് തുടച്ചുമാറ്റിയ ശ്രീനാരായണ ഗുരുദേവ തൃപ്പാദ ദർശനത്തിന്റെ വർത്തമാനകാല പ്രാധാന്യം വിളിച്ചോതി യോഗം കുന്നത്തുനാട് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ.ഉണ്ണിമോൾ ബിജു ക്ലാസ് നയിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ഹരി വിജയൻ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ ബിജു വിശ്വനാഥൻ, ടി.കെ.ബാബു, ടി.എൻ.സദാശിവൻ, സജിനി അനിൽ, അമ്മിണി കർണ്ണൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.കെ. സുബിൻ, വൈസ് ചെയർമാൻ ബിനു കൃഷ്ണൻ, സൈബർസേനാ ഭാരവാഹികൾ, വിവിധ ശാഖകളിൽ നിന്നുള്ള വനിതാ സംഘം ഭാരവാഹികൾ, പ്രധാന പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രതിജ്ഞയുമെടുത്തു.